Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ ലഹരി വേട്ട, കേരളത്തിലും വേര്

ന്യൂദൽഹി- ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരി വേട്ട. 15,000 എൽ.എസ്.ഡി ബ്ലോട്ടുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി).  പിടിച്ചെടുത്തു. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തി. ഇന്ത്യ മുഴുവനുമായി പടർന്നു കിടക്കുന്ന ശൃംഖലയുടെ ഭാഗമായ ആറു പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയെ ജയ്പുരിൽ നിന്നാണ് പിടികൂടിയത്.

''ഡാർക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഓൺലൈനായുള്ള ഇടപാടുകളിൽ പണം അടച്ചിരുന്നത് ക്രിപ്‌റ്റോ കറൻസിയായോ ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആയിരുന്നു. ലഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് യാതൊരു ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് പറഞ്ഞു.  ലഹരി ശൃംഖലക്ക് കേരളത്തിലും വേരുകളുണ്ട്. പോളണ്ട്, നെതർലൻഡ്‌സ്, അമേരിക്ക, ദൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാണ് സംഘം പടർന്നു കിടക്കുന്നത്. പിടിച്ചെടുത്ത എൽഎസ്ഡിക്കു മാത്രം 10 കോടിയിലധികം രൂപ വില വരും. ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ കണ്ടെത്തി വലയിലാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തന രീതി. വലയിൽ വീഴ്ത്തിക്കഴിഞ്ഞാൽ ഇവരുമായുള്ള ഇടപാടുകൾ വിക്കർ വി എന്ന സ്വകാര്യ മെസേജിംഗ് ആപ്പ് വഴിയാകുകയും ചെയ്യും.
 

Latest News