ആലപ്പുഴ-താന്‍ നിര്‍മിച്ച ഹിറ്റ് പടമായ മയില്‍പ്പീലിക്കാവിന്റെ സെറ്റിലുണ്ടായ പീഡന ശ്രമത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി പ്രമുഖ നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍.
കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ടാണ് ദിനേശ് പണിക്കര്‍ മയില്‍പീലിക്കാവ് എന്ന പടം നിര്‍മിച്ചത്. ജോമോള്‍ ആയിരുന്നു നായിക. അതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേ ആണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
'മയില്‍പ്പീലിക്കാവി'ന്റെ ഷൂട്ടിംഗിനായി കുറേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നിരുന്നു. കുട്ടികള്‍ക്കൊപ്പം ചാക്കോച്ചന്‍ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. സെറ്റിലുണ്ടായിരുന്ന ഉണ്ടായിരുന്ന ഒരു പയ്യന്‍ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. നല്ല തിരക്കുള്ള സമയമായത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല.
എന്നാല്‍ മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇയാളുടെ ഉദ്ദേശം മോശമാണ് എന്ന് കുട്ടിക്ക് മനസിലായി. അപ്പോള്‍ തന്നെ ബഹളം വെക്കുകയും ആ കുട്ടി ഓടി പുറത്തേയ്ക്ക് വരുകയും ചെയ്തു. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മാതാവ് രഞ്ജിത്ത് എത്തി. ഞാനടക്കം അന്തംവിട്ട് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നത് രജ്ഞിത്ത് ചെന്ന് അവന്റെ മുഖത്ത് പടേയെന്നും പറഞ്ഞ് ഒരടികൊടുക്കുന്നതാണ്. അവന്റെ ചെവി പോയിട്ടുണ്ടാകും അത്രയ്ക്കും ഭീകരമായ അടിയായിരുന്നു അത്.
ഈ സെറ്റില്‍ ഇനി ഒരു സെക്കന്‍ഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു ചെയ്തത്. അങ്ങനെ അന്ന് മാതൃക കാണിക്കാന്‍ അവിടെ രഞ്ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നുവെന്നാണ് ദിനേശ് പണിക്കര്‍ പറഞ്ഞത്. ആ പയ്യന്റെ പേരു വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.