ശ്രീഹരിക്കോട്ട- ജൂലൈയില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിച്ച ഇന്ത്യയുടെ ബഹിരാകാശ പേടകം ചന്ദ്രയാന്‍ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു. ചന്ദ്രയാന്‍ വിക്ഷേപണത്തെ ഐ. എസ്. ആര്‍. ഒ കാത്തിരിക്കുകയാണെന്ന് യു. ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം. ശങ്കരന്‍ വ്യക്തമാക്കി.
ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാന്‍ 2 വിക്ഷേപിച്ച അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും വിക്ഷേപണം.
ബെംഗളൂരുവിലെ യു. ആര്‍. റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ചന്ദ്രോപരിതലത്തില്‍ റോവര്‍ സുരക്ഷിതമായി ഇറക്കി പര്യവേക്ഷണം നടത്താനാണ് ഐ. എസ്. ആര്‍. ഒയുടെ പദ്ധതി.
2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ന്റെ തുടര്‍ച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവര്‍ ലാന്‍ഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു.
ചന്ദ്രയാന്‍-3 ശ്രീഹരിക്കോട്ടയില്‍ എത്തിയതോടെ ഐ. എസ്. ആര്‍. ഒ അവസാനഘട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. അടുത്ത മാസം നടക്കുന്ന വിക്ഷേപണത്തിന് മുന്‍പ് ചന്ദ്രയാന്‍-2 ദൗത്യത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഒരിക്കല്‍ കൂടി വിശകലനം ചെയ്യും.