ചണ്ഡിഗഡ്- മാതാപിതാക്കള്‍ സഹോദരനെയാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്ന തോന്നലില്‍ പതിനഞ്ചുകാരി പന്ത്രണ്ട് വയസുകാരനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഹരിയാനയിലെ ബല്ലാബ്ഗറിലാണ് സംഭവം നടന്നത്.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ പുതപ്പിനടിയില്‍ ചലനമില്ലാത്ത നിലയില്‍ പന്ത്രണ്ടുകാരനെ കാണുകയായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും വിഫലമായതോടെ പുതപ്പ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തുഞെരിച്ച നിലയില്‍ കുട്ടിയെ കാണുന്നത്. പെണ്‍കുട്ടി മാത്രമായിരുന്നു സംഭവം നടന്ന സമയം വീട്ടിലുണ്ടായിരുന്നതെന്ന് മാതാവ് പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ചുരുളഴിയുന്നത്. രണ്ട് കുട്ടികളും ഉത്തര്‍പ്രദേശില്‍ മുത്തശ്ശനും മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. വേനലവധിയ്ക്ക് ബല്ലാബ്ഗറിലുള്ള മാതാപിതാക്കളുടെ അടുത്തെത്തിയതായിരുന്നു ഇവര്‍. മാതാപിതാക്കള്‍ക്ക് സഹോദരനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പെണ്‍കുട്ടി വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു.മാതാപിതാക്കള്‍ മകന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയം ഫോണില്‍ കളിക്കുകയായിരുന്നു പന്ത്രണ്ടുകാരന്. ഇതിനിടെ ഫോണ്‍ കുറച്ചുനേരത്തേയ്ക്ക് തരുമോയെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരന് ഇതിന് വിസമ്മതിച്ചതില്‍ പ്രകോപിതയായ പെണ്‍കുട്ടി പന്ത്രണ്ടുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കാനുള്ള നീക്കത്തിലാണ് പോലീസ്.