Sorry, you need to enable JavaScript to visit this website.

മോഡി ദൈവത്തിനും ക്ലാസെടുക്കും - രാഹുല്‍ ഗാന്ധി അമേരിക്കയില്‍

ന്യൂയോര്‍ക്ക്- എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ ദൈവത്തെ പോലും പഠിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അത്തരത്തിലുള്ള ഒരാളാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ വംശജരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ പര്യടനത്തിനാണ് രാഹുല്‍ അമേരിക്കയിലെത്തിയത്.
'നിങ്ങള്‍ മോഡിയെ ദൈവത്തിന് അരികില്‍ കൊണ്ടിരിത്തിയാല്‍ പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹം ദൈവത്തിന് ക്ലാസെടുക്കാന്‍ തുടങ്ങും'-രാഹുല്‍ പരിഹസിച്ചു.
എല്ലാം അറിയുന്ന കുറച്ച് ആളുകളുണ്ട്. അവര്‍ ശാസ്ത്രജ്ഞര്‍ക്ക് സയന്‍സിനെ പറ്റി ഉപദേശം നല്‍കും, ചരിത്രകാരന്‍മാര്‍ക്ക് ചരിത്രം പറഞ്ഞു കൊടുക്കും, സൈനികര്‍ക്ക് യുദ്ധ തന്ത്രങ്ങളും പറഞ്ഞു കൊടുക്കും. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഒന്നുമറിയില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ നടത്തിയ ഭാരത് ജോഡോ യാത്ര തടയാനായി സര്‍ക്കാര്‍ കഴിയുംവിധം ശ്രമിച്ചെന്നും എന്നാല്‍ യാത്ര താന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയു ബഹുമാനിക്കുന്നു. അത് തന്നെയാണ് ഇന്ത്യയിലെ പ്രവാസി സമൂഹവും ചെയ്യുന്നത്. ഈ മൂല്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയില്ലായിരുന്നു എങ്കില്‍ നിങ്ങള്‍ ഇവിടെ എത്തില്ലായിരുന്നു. നിങ്ങള്‍ വെറുപ്പിലാണ് വിശ്വസിച്ചിരുന്നതെങ്കില്‍ നിങ്ങളിപ്പോള്‍ ഏതെങ്കിലും ബിജെപി യോഗത്തിന്റെ മുന്നില്‍ ഇരിക്കുമായിരുന്നു. ഞാന്‍ മന്‍ കി ബാത് നടത്തുമായിരുന്നു'-രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്ക് മുന്‍പായ്, സ്ഥിരമായി നടത്തിവന്ന രാഷ്ട്രീയ പ്രവര്‍ത്തനം ഇനി സാധ്യമല്ലെന്ന് തനിക്ക് മനസ്സിലായി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും ബിജെപിയും ആര്‍എസ്എസും നിയന്ത്രിച്ചപ്പോഴാണ് ഭാരത് ജോഡോ യാത്ര നടത്തേണ്ടിവന്നത്.

Latest News