Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ പാഠപുസ്തകങ്ങള്‍ മാറ്റുമെന്ന സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി; ഹിജാബ് വിഷയത്തിൽ പ്രതികരിച്ചില്ല

ബംഗളൂരു- പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളുടെ മനസ്സ് മലിനപ്പെടുത്താന്‍ അനുവദിക്കില്ലെന്നും  സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വിദ്യാര്‍ഥികളുടെ മനസ്സ് മലിനമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഹിജാബ് നിരോധനം സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച തീരുമാനത്തിന് കാത്തിരിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം കര്‍ണാടകയില്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നത് പഠിക്കാനാണ്. അവരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിന്റെയോ തന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. പാഠപുസ്തകങ്ങള്‍ ഒരു പരിധിവരെ അയച്ചുകഴിഞ്ഞു. അത് തടസ്സമില്ലാതെ എങ്ങനെ ചെയ്യുമെന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. മാനിഫെസ്‌റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനായിരുന്ന രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഒരു അധ്യായമായി ഉള്‍പ്പെടുത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കുകയും ചെയ്തതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.

 

Latest News