ബംഗളൂരു- വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈഎസ് ശർമിള ബംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തി. തെലങ്കാന രാഷ്ട്രീയമാണ് ചർച്ചയായതെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിൽ കോൺഗ്രസിന് കൈ കൊടുക്കാൻ ശർമിള തയാറാകുമെന്നാണ് സൂചന. കോൺഗ്രസിൽ ചോദ്യം ചെയ്യാനില്ലാത്ത നേതാവായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹൻ റെഡ്ഡിയാണ് ആന്ധ്ര മുഖ്യമന്ത്രി. ഇദ്ദേഹത്തെ കോൺഗ്രസ് വേണ്ടവിധം പരിഗണിക്കാത്തതാണ് പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ വഴിയൊരുക്കിയത് എന്ന് ജഗനെ അനുകൂലിച്ചിരുന്നവർ അന്നേ പറഞ്ഞിരുന്നു. ജഗന്റെ ഉദയത്തോടെ ആന്ധ്രയിൽ കോൺഗ്രസ് ഇല്ലാതായി. സഹോദരി ശർമിളയുടെ പ്രവർത്തന കേന്ദ്രം തെലങ്കാനയാണ്. ഇവിടെ ശക്തനായ നേതാവ് കെ ചന്ദ്രശേഖര റാവു (കെസിആർ) ആണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് വെല്ലുവിളി സൃഷ്ടിക്കാനാണ് ശർമിളയുടെ നീക്കം. ഒരേ വഴിയിൽ ചിന്തിക്കുന്ന കോൺഗ്രസിന് കൈകൊടുക്കാൻ ശർമിള തയാറായതും അതുകൊണ്ടാണ്. വൈഎസ്ആറിനെ സ്നേഹിക്കുന്ന ഒട്ടേറെ പേർ തെലങ്കാനയിലുണ്ട്. ശർമിളയെ കൂടെ നിർത്തി കോൺഗ്രസിന് അനുകൂല സാഹചര്യം ഒരുക്കാൻ ഡികെ പദ്ധതിയിടുന്നു എന്നാണ് സൂചന. ശർമിളയും ഡികെയും ഈ വിഷയം ചർച്ച ചെയ്തുവെന്ന് വാർത്തകളുണ്ട്. എന്നാൽ ഇരു നേതാക്കളും എന്താണ് ചർച്ച ചെയ്തത് എന്ന് മാധ്യമങ്ങളോട് പറഞ്ഞില്ല. സൗഹൃദ സന്ദർശനം എന്ന് മാത്രമാണ് പ്രതികരിച്ചത്.