കാണ്‍പൂര്‍- ഇലക്ട്രിക് കാറുകള്‍ പരിസ്ഥിതി സൗഹൃദമല്ലെന്ന പഠനവുമായി ഐ. ഐ. ടി കാണ്‍പൂര്‍. ഹൈബ്രിഡ് കാറുകളും പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിന്‍ കാറുകളുമൊക്കെ പോലെ ഇലക്ട്രിക് കാറുകളും പരിസ്ഥിതി സൗഹൃദമല്ലെന്നാണ് ഐ. ഐ. ടി കാണ്‍പൂരിന്റെ പഠനം പറയുന്നത്.
ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണവും ഉപയോഗവും സ്‌ക്രാപ്പിംഗും ഹൈബ്രിഡ്, പരമ്പരാഗത എഞ്ചിന്‍ കാറുകളേക്കാള്‍ 15 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ (ജി. എച്ച്. ജി) ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഐ. ഐ. ടി കാണ്‍പൂരിന്റെ എഞ്ചിന്‍ റിസര്‍ച്ച് ലാബ് റിപ്പോര്‍ട്ട് വിശദമാക്കു്‌നു.
ഒരു കിലോമീറ്റര്‍ വിശകലനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കും 15 മുതല്‍ 60 ശതമാനം വരെ ചെലവ് കൂടുതലാണ്. ഹൈബ്രിഡ് ഇലക്ട്രിക് കാറുകളാണ് കൂടുതല്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമെന്നാണ് പഠനം പറയുന്നത്.
ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത കാറുകളെക്കുറിച്ച് ജാപ്പനീസ് സംഘടനയുടെ സഹായത്തോടെയാണ് കാണ്‍പൂര്‍ ഐ. ഐ. ടി പഠനം നടത്തിയത്. വാഹനങ്ങളുടെ ലൈഫ് സൈക്കിള്‍ അനാലിസിസും മൊത്തം കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പും കണക്കാക്കാന്‍ കാറുകളെ രണ്ട് വിദേശ വിഭാഗങ്ങളും ഒരു ഇന്ത്യന്‍ വിഭാഗവും എന്നിങ്ങനെ മൂന്ന്ായി തിരിച്ചാണ് പഠനം നടത്തിയത്. ഐ. ഐ. ടി കാണ്‍പൂര്‍ പ്രൊഫ. അവിനാഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ബാറ്ററി ഇലക്ട്രിക് കാറുകള്‍ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളിലായി 15- 50 ശതമാനം കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തി.
ബാറ്ററി ഇലക്ട്രിക് കാറുകളില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യേണ്ടത് വൈദ്യുതി ഉപയോഗിച്ചാണ്. രാജ്യത്ത് നിലവില്‍ 75 ശതമാനം വൈദ്യുതിയും കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുന്ന കല്‍ക്കരിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുപോലെ ബാറ്ററി കാറുകള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവ് ഹൈബ്രിഡ്, പരമ്പരാഗത കാറുകളെ അപേക്ഷിച്ച് കിലോമീറ്ററിന് 15- 60 ശതമാനം കൂടുതലാണ്.
ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ മറ്റ് രണ്ട് വിഭാഗത്തിലുള്ള വാഹനങ്ങളില്‍ നിന്ന് ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണ് ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത്. എന്നാല്‍ മറ്റ് രണ്ട് വിഭാഗത്തിലുള്ള കാറുകളേക്കാള്‍ ഇവയ്ക്ക് വില കൂടുതലാണ്.
ഹൈബ്രിഡ് കാറുകളുടെ ഉയര്‍ന്ന സര്‍ക്കാര്‍ നികുതിയാണ് ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം. ശുദ്ധമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ക്കും ബാറ്ററി വാഹനങ്ങള്‍ക്ക് തുല്യമായ നികുതി നല്‍കണമെന്ന് ഐ. ഐ. ടി റിപ്പോര്‍ട്ടില്‍ പറയുന്നു.