ന്യൂദല്‍ഹി- പീഡനത്തിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കൈകാര്യം ചെയ്ത നടപടിക്കെതിരെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗവുമായ അഭിനവ് ബിന്ദ്ര. ഇന്ത്യന്‍ ഗുസ്തി താരങ്ങളെ നിലത്തുകൂടി വലിച്ചിഴച്ച ദൃശ്യങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ബിന്ദ്ര ട്വീറ്റ് ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെയാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചത്. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികള്‍ നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും തന്റെ സഹ ഇന്ത്യന്‍ താരങ്ങള്‍ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങള്‍ വല്ലാതെ വേട്ടയാടുന്നുവെന്നും പറഞ്ഞ അദ്ദേഹം സമാന സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും മാന്യമായും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഓരോ കായികതാരവും സുരക്ഷിതമായ പ്രചോദനാത്മകമായ അന്തരീക്ഷം അര്‍ഹിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പറഞ്ഞു.