ന്യൂയോർക്ക് - വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനോട് സാധാ ഗർഭത്തിലൂടെയുണ്ടായ കുഞ്ഞുമായി താരതമ്യം ചെയ്യുമ്പോൾ അത്ര ആത്മബന്ധം തോന്നിയില്ലെന്ന് ടെലിവിഷൻ താരവും മോഡലുമായ ക്ലോ കർദാഷിയാൻ.
തന്റെ രണ്ടു മക്കളും രണ്ടു രീതിയിലാണുണ്ടായതെന്നും എന്നാൽ വാടക ഗർഭധാരണത്തിലൂടെയുണ്ടായ കുഞ്ഞിനോട് അത്ര ആത്മബന്ധം തോന്നിയില്ലെന്നും അവർ പറഞ്ഞു. പല കാരണങ്ങളാൽ വാടക ഗർഭധാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ, ഉദരത്തിൽ കൊണ്ടുനടന്ന് പ്രസവിക്കുന്ന ഒരു കുഞ്ഞിനോട് തോന്നുന്ന സ്‌നേഹം വാടക ഗർഭധാരണത്തിലൂടെ നേടുന്ന കുഞ്ഞിനോട് തോന്നാറില്ലെന്നാണ് പൊതുവെ പറയാറുള്ളത്. അതിനെ ശരിവെക്കുകയാണ് ടെലിവിഷൻ താരം ക്ലോ കോർദാഷിയാൻ.
'തനിക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകനെ വാടക ഗർഭധാരണത്തിലൂടെയാണ് സ്വന്തമാക്കിയത്. മകളെ ഗർഭം ധരിച്ച് പ്രസവിക്കുകയും ചെയ്തു. പക്ഷേ, വാടക ഗർഭധാരണത്തിലൂടെ ഉണ്ടായതുകൊണ്ട് തനിക്ക് മകനോട് ആത്മബന്ധമുണ്ടാക്കാൻ പ്രയാസം തോന്നിയിരുന്നു. അതേസമയം, മകളോട് ആ പ്രശ്‌നം തോന്നിയിരുന്നില്ല.
എങ്കിലും വാടക ഗർഭധാരണം മോശപ്പെട്ടൊരു കാര്യമാണെന്ന് ഞാനൊരിക്കലും പറയില്ല. അത് മഹനീയം തന്നെയാണ്. എന്നാലത് തീർത്തും വ്യത്യസ്തമായൊരു അനുഭവമാണ്. മകനെ പ്രസവിച്ച സ്ത്രീയിൽനിന്ന് അവനെയും കൊണ്ട് അടുത്ത മുറിയിലേക്ക് പോകുമ്പോൾ എനിക്കതൊരു വ്യവഹാരമായിട്ടാണ് തോന്നിയത്. ആകെ ആ ചടങ്ങുകൾ എനിക്കൊരു ഷോക്കിംഗ് അനുഭവമായി മാറി. ആ അമ്മയിൽ നിന്ന് മകനെ വേർപ്പെടുത്തിയെടുക്കുന്നത് പോലെ തോന്നി. എനിക്ക് കുറ്റബോധം തോന്നി... ആ ഘട്ടം പൂർണമായും ഉൾക്കൊള്ളാൻ എനിക്കൊക്ക് ഒരുപാട് സമയം വേണ്ടിവന്നു. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ആരെങ്കിലും എനിക്കുണ്ടായ അതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ, അവർ അക്കാര്യം പരസ്യമായി പങ്കിട്ടിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.
മകൾ ജനിച്ചപ്പോഴാകട്ടെ എനിക്ക് കൂടുതൽ അടുപ്പം തോന്നി. അവൾ വയറ്റിൽ കിടന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണുണ്ടായത്. പ്രപഞ്ചത്തിൽ ഇങ്ങനെയൊരു ഭാഗ്യം ആർക്ക് ലഭിക്കുമെന്ന് തോന്നി. ഒരാൾ നമ്മുടെ അകത്തിരുന്ന് നമ്മളെ ഓരോ നിമിഷവും ഫീൽ ചെയ്യുന്നു-' ക്ലോ പറഞ്ഞു.