അയോധ്യ - 15-കാരിയായ സ്കൂൾ വിദ്യാർത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. യു.പിയിലെ അയോധ്യയിലാണ് സംഭവം.
വിദ്യാർത്ഥിനി സ്കൂളിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് സ്വകാര്യ സ്കൂൾ അധികൃതരുടെ വാദം. എന്നാൽ, മകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.
എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയായ മകളെ ക്ലാസ് ഇല്ലാതിരുന്നിട്ടും പ്രിൻസിപ്പൽ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. രാവിലെ 8.30ന് മകൾ സ്കൂളിലേക്ക് പോയി. 9.50 ഓടെ കുട്ടി ഊഞ്ഞാലിൽ നിന്ന് വീണ് പരുക്കേറ്റതായി പ്രിൻസിപ്പൽ വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സ്കൂളിൽ എത്തിയപ്പോൾ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മകളുടെ ശരീരമാസകലം മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. 'താൻ സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പൽ രണ്ട് പുരുഷന്മാർക്കൊപ്പം തന്നെ പറഞ്ഞുവിട്ടെന്നും, അവരിൽ ഒരാൾ കായികാധ്യാപകനായിരുന്നുവെന്നും' കരഞ്ഞുകൊണ്ട് മകൾ പറഞ്ഞു. ഇവർ മകളെ കൂട്ടബലാത്സംഗം ചെയ്യുകയും കുറ്റകൃത്യം മറച്ചുവെക്കാൻ കുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും രണ്ട് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രിൻസിപ്പലിന്റെ മൊഴിക്ക് വിരുദ്ധമായി പെൺകുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചതായി പറയുന്നു. പിതാവിന്റെ പരാതിയിൽ ബലാത്സംഗം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.