Sorry, you need to enable JavaScript to visit this website.

കുങ്കിയാനകൾ എത്തി; അരിക്കൊമ്പൻ ദൗത്യത്തിന് തമിഴ്‌നാട് ശ്രമം തുടങ്ങി, വൻ സുരക്ഷ 

കുമളി / കമ്പം / ചെന്നൈ -  ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ തളയ്ക്കാനുള്ള ദൗത്യത്തിനായി തമിഴ്‌നാട് സജ്ജം. കമ്പത്തിന് സമീപത്തുള്ള വനമേഖലയിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം വനംവകുപ്പ് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. 
 ചുരുളിപ്പെട്ടി വനമേഖലയിലെ വെള്ളച്ചാട്ടത്തിനടുത്തുള്ള ക്ഷേത്രത്തിന് അടുത്ത് അരിക്കൊമ്പൻ നിൽക്കുന്നുണ്ടെന്നാണ് വനംവകുപ്പിലെ വിവരം. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിപ്പെട്ടി. ആനമല ആന പരിപാലന കേന്ദ്രത്തിൽ നിന്നും മൂന്ന് കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ധരും ഡോക്ടർമാരുമെല്ലാം കമ്പത്ത് എത്തിയിട്ടുണ്ട്. കുങ്കിയാനകളെ ഉടൻ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകാനാണ് നീക്കം.
 ജനവാസ മേഖലയിൽ ഇങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനോ അതല്ലെങ്കിൽ കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനോ ഉള്ള രണ്ട് സാധ്യതകളാണ് വനംവകുപ്പ് പരിഗണിക്കന്നത്. ഇതിന് രണ്ടിനും പൂർണമായും സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. വിഎച്ച്എസ്ഇ ആന്റിന ഉൾപ്പെടെ ഉപയോഗിച്ചാണ് വനംവകുപ്പ് ആനയെ ലൊക്കേറ്റ് ചെയ്യുന്നത്.
 മേഘമല സി.സി.എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്‌നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അതിനിടെ, ഇന്നലെ രാത്രി അരിക്കൊമ്പൻ സുരുളിപ്പെട്ടിയിൽ ഗേറ്റ് തകർത്തു.
 ഇന്നലെ രാവിലെയാണ് പ്രശ്‌നക്കാരനായ അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. അതിനാൽ നാശം വിതയ്ക്കും മുമ്പേ തളയ്ക്കാനാണ് തമിഴ്‌നാടിന്റെ പ്ലാൻ. കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


 

Latest News