Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു- കര്‍ണാടകയില്‍ അധികാരമേറ്റാല്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്  മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സമൂഹത്തിലെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, ആര്‍എസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് വിവാദം സൃഷ്ടിച്ചിരുന്നു. ബജ്‌റംഗ്ദളിനെ നിരോധിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. സദാചാര പോലീസിംഗില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ആര്‍എസ്എസോ ബജ്‌റംഗ്ദളോ മറ്റേതെങ്കിലും വര്‍ഗീയ സംഘടനയോ ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഞങ്ങള്‍ മാറ്റും. ഏതെങ്കിലും വ്യക്തിയോ സംഘടനയോ സമാധാന ഭീഷണി ഉയര്‍ത്തുകയും ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസിനെ നിരോധിച്ച് കാണിക്കൂയെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. ആര്‍എസ്എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഒരു ശാഖയെങ്കിലും അടച്ചുപൂട്ടിയാല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ എവിടെയും ഉണ്ടാകില്ലെന്ന് പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട്  ബി.ജെ.പി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ആര്‍.അശോകന്‍ പറഞ്ഞു.
നിങ്ങളുടെ പിതാവിന് ആര്‍എസ്എസിനെ നിരോധിക്കാന്‍ കഴിഞ്ഞില്ല. മുത്തശ്ശിക്കും ചെയ്യാന്‍ കഴിഞ്ഞില്ല. നിങ്ങളുടെ മുത്തച്ഛനും പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇനിയിപ്പോള്‍ നിങ്ങളാണോ ചെയ്യുന്നതെന്നാണ് കാബിനറ്റ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയോട് അശോകന്‍ ചോദിച്ചത്.
കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. രാജ്യത്ത് 15 മുതല്‍ 20 വരെ സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ രാജ്യത്ത് ദയനീയമാണ്. അത് എല്ലായിടത്തുനിന്നും അപ്രത്യക്ഷമാകുന്നു. ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കുക. നിങ്ങളുടെ സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് നിലനില്‍ക്കില്ല- അദ്ദേഹം പറഞ്ഞു.

 

Latest News