കൊച്ചി- നടന്‍ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഷൂട്ടിംഗിനിടെ ജോയ് മാത്യുവില്‍ നിന്ന് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് സിനിമയുടെ സംവിധായകന്‍ ജാസിക് അലി, സഹനിര്‍മാതാവ് രാജേഷ് ബാബു എന്നിവരാണ് രംഗത്തെത്തിയത്.
സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ പ്രൊമോഷനുവേണ്ടി സഹകരിച്ചില്ല. ജോയ് മാത്യു പ്രൊമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജോയ് മാത്യു എന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. ഷിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ഈ സിനിമയിലുണ്ട്. അവരും പ്രൊമോഷന് സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയ ശേഷമാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ പോലും വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പൈസ പറയുന്നത്. ഇനിയെങ്കിലും ഇവരില്‍ നിന്നൊക്കെ കരാര്‍ ഒപ്പിട്ട് വാങ്ങണമെന്നുമാത്രമാണ് ഇതിലേക്ക് പുതുതായി ഇറങ്ങാന്‍ പോകുന്നവരോട് പറയാനുള്ളത്. - ജാസിക്ക് അലി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രണ്ടാമത്തെ ഷെഡ്യൂള്‍ മുടങ്ങുന്ന അവസ്ഥയുണ്ടായി. ആദ്യത്തെ നിര്‍മാതാവാണ് ജോയ് മാത്യുവിനെ ചെന്നുകണ്ടത്. തിരക്കഥ വായിച്ചപ്പോള്‍ കൊള്ളാമെന്ന് പറഞ്ഞു. എന്നാല്‍ ലൊക്കേഷനിലെത്തിയപ്പോള്‍ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ഡയലോഗ് മാറ്റിയെഴുതണം, എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു. ഒന്‍പത് മാസത്തോളം കഷ്ടപ്പെട്ടെഴുതിയ സ്‌ക്രിപ്റ്റ് മാറ്റിയെഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൈലാഷും അനീഷ് രവിയും ചേര്‍ന്ന് തിരക്കഥ തിരുത്തിയെഴുതി. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു അരദിവസം മാത്രമാണ് വന്നത്. കോസ്റ്റ്യൂമില്‍ സാമ്പാറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഈ കാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒരു നടന് ഇത് പറയേണ്ട കാര്യമുണ്ടോയെന്ന് എനിക്കറിയില്ല. ചിത്രത്തില്‍ അഭിനയിച്ചവരൊന്നും വലിയ താരങ്ങളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസൊന്നും നടക്കില്ല. സിനിമ പ്രമോട്ട് ചെയ്യുകയെന്നുള്ളത് അവരുടെ ഉത്തരവാദിത്തമാണ്. അതുണ്ടായില്ല.'- രാജേഷ് ബാബു ആരോപിച്ചു.