Sorry, you need to enable JavaScript to visit this website.

ജി.എസ്.ടി പരാജയം പരിഷ്‌കരിക്കും -രാഹുൽ 

ചരക്കുസേവന നികുതി ഏർപ്പെടുത്തിയതിന്റെ ഒന്നാം വാർഷികത്തിൽ അമൃത്‌സറിൽ കോൺഗ്രസ് പ്രവർത്തകർ  ജി.എസ്.ടിയുടേയും പ്രധാനമന്ത്രി മോഡിയുടേയും കോലം കത്തിക്കുന്നു

ന്യൂദൽഹി - പാലിനും മെഴ്‌സിഡസ് ബെൻസ് കാറിനും ഒരേ ജി.എസ്.ടി സാധ്യമല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏകീകൃത ജിഎസ്ടി എന്ന ആശയം യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ കൊണ്ടുവന്ന ജിഎസ്ടി നികുതി സമ്പ്രദായം പരാജയമാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഏകീകൃത ജിഎസ്ടി നിരക്ക് നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജിഎസ്ടിയെ ഗബ്ബാർ സിങ്ങ് ടാക്‌സ് എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. രാഹുലിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
ജിഎസ്ടി പ്രാബല്യത്തിൽ വന്ന് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിൽ നികുതിദായകരുടെ പരിധിയിലേക്ക് വന്നവരിൽ 70 ശതമാനം വർധനയുണ്ടായിരിക്കുകയാണ്. ജിഎസ്ടി കൊണ്ടുവന്നതോടെ ചെക്ക് പോസ്റ്റുകൾ ഇല്ലാതാക്കി. അതുവരെ നിലവിലുണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസ്സുകളും സംയോജിപ്പിച്ചു. ചെക്‌പോസ്റ്റുകൾ നിർത്തലാക്കിയതോടെ സംസ്ഥാന അതിർത്തികളിൽ മണിക്കൂറുകൾ നീണ്ട ക്യൂ ഒഴിവായി.  
അനാവശ്യ നികുതികൾ എല്ലാം തന്നെ ഒഴിവാക്കി തീർത്തും ജനകീയമായ ഒരു രീതിയാണ് ജിഎസ്ടിയെന്നും മോഡി അവകാശപ്പെട്ടു. 
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ഒറ്റ സ്ലാബാക്കി മാറ്റുമെന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സാധാരണക്കാരെ ബാധിക്കാതിരിക്കാൻ അവശ്യസാധനങ്ങളെ നികുതിപരിധിയിൽനിന്ന് ഒഴിവാക്കി, മറ്റുള്ളവയ്ക്ക് 18% നികുതി എന്നതായിരുന്നു കോൺഗ്രസിന്റെ ആശയം. 
എന്നാൽ കോൺഗ്രസിന്റെ ഈ നീക്കം രാജ്യത്തു ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിലവർധനയ്ക്കു മാത്രമേ ഉപകരിക്കൂവെന്ന് 'സ്വരാജ്യ' മാഗസിനു നൽകിയ അഭിമുഖത്തിൽ മോഡി വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കി ഒരു വർഷത്തിനകം പരോക്ഷ നികുതിക്കാരിൽ 70 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. രാജ്യത്തു നിന്ന് 'ഇൻസ്‌പെക്ടർ രാജും' തുടച്ചു നീക്കാനായി. നികുതി സ്വീകരിക്കൽ ഉൾപ്പെടെ ഓൺലൈനാക്കിയതോടെ എല്ലാം സുതാര്യമായി. ജിഎസ്ടി ഇപ്പോൾ പരിണാമത്തിന്റെ വഴിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ നികുതി സംവിധാനമാണ് ഒറ്റയടിക്ക് മാറിയത്. അതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം അപ്പപ്പോൾ പരിഹരിച്ചു. 
ചരക്കുകൈമാറ്റവുമായി ബന്ധപ്പെട്ട 350 കോടി ഇൻവോയിസുകൾ പരിഗണനയ്‌ക്കെത്തി. 11 കോടി ടാക്‌സ് റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. ചരക്കുകൈമാറ്റം വേഗത്തിലായത് രാജ്യത്ത് ഉൽപാദനവും കൂട്ടി. ജിഎസ്ടി ആശയക്കുഴപ്പമുണ്ടാക്കുന്നതാണെങ്കിൽ ഇതെല്ലാം സംഭവിക്കുമോ? – -മോഡി ചോദിച്ചു.
അതിനിടെ, ജിസ്ടി വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രി പി.ചിദംബരം. സാധാരണക്കാർക്കും ബിസിനസുകാർക്കും തൊഴിലാളികൾക്കും കയറ്റുമതിക്കാർക്കും ജി.എസ്.ടി എന്നത് ഒരു മോശം വാക്കായി മാറിയെന്നാണ് ചിദംബരം പറഞ്ഞത്. സർക്കാർ മോശം കാര്യങ്ങളെ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ് കൈകാര്യം ചെയ്യുന്നതെന്ന് നോട്ടു നിരോധനത്തേയും ജി.എസ്.ടിയേയും സൂചിപ്പിച്ച് അദ്ദേഹം പരിഹസിച്ചു..
 

Latest News