Sorry, you need to enable JavaScript to visit this website.

വിവാഹത്തിനൊരുങ്ങി പുതിയ സിനിമകള്‍  ഏറ്റെടുക്കാതെ ദീപിക പദുക്കോണ്‍ 

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലങ്ങളായി. നവംബര്‍ 19ാം തിയ്യതി വിദേശത്ത് വച്ച് ഇരുവരും വിവാഹിതരാകുന്നുവെന്നതായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഗോസിപ്പുകള്‍ ശക്തമാണെങ്കിലും പ്രണയത്തിലാണെന്നോ അല്ലെന്നോ ദീപികയും രണ്‍വീറും ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചു.
ഞാന്‍ പരമാവധി ഇത്തരം പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാറുണ്ട്. പക്ഷേ ഗോസിപ്പുകളെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ ഇല്ലാതാക്കാനോ ഞാന്‍ ശ്രമിക്കാറില്ല. കാരണം എനിക്ക് സമയമില്ല. വിവാഹം കുട്ടിക്കളിയല്ല. എന്റെ മാതാപിതാക്കളാണ് ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ദമ്പതിമാര്‍. അവരാണ് എന്റെ മാതൃക. ഒരുകാര്യം തീര്‍ച്ചയാണ് എനിക്ക് കുഞ്ഞുങ്ങള്‍ വേണം- ദീപിക പറഞ്ഞു.
വിവാഹത്തെക്കുറിച്ച് രണ്‍വീറിനോട് ചോദിച്ചപ്പോള്‍ തന്റെ മനസ്സില്‍ അങ്ങനെ ഒരു ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍വീറിന്റെ പ്രതികരണം. ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്നും രണ്‍വീര്‍ തുറന്ന് പറഞ്ഞു. പക്ഷേ വധു ആരാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പദ്മാവതിന് ശേഷം സിംബ, ഗള്ളി ബോയ്‌സ് എന്നീ സിനിമകളുടെ തിരക്കിലാണ് രണ്‍വീര്‍. എന്നാല്‍ ദീപിക പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന സിനിമയില്‍ ഒരു അതിഥി വേഷം ചെയ്യുന്നതൊഴിച്ചു നിര്‍ത്തിയാല്‍ സിനിമാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ് ദീപിക.

Latest News