റിയാദ് - സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ഉലയില്‍ ചിത്രീകരിച്ച ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമ കാണ്ഡഹാറിന്റെ പ്രഥമ പ്രദര്‍ശനം റിയാദ് ഫ്രന്റിലെ വോക്‌സ് സിനിമാസില്‍ നടന്നു. സൗദി ഫിലിം കമ്മീഷന്‍, അല്‍ഉല ഫിലിം ഫൗണ്ടേഷന്‍, അല്‍ഉല റോയല്‍ കമ്മീഷന്‍ പ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റും സാന്നിധ്യത്തിലാണ് പ്രദര്‍ശനം നടന്നത്. കാണ്ഡഹാര്‍ സിനിമയുടെ വിതരണ ചുമതല ഈഗിള്‍ ഫിലിംസിനാണ്.
ഹോളിവുഡ് നടന്‍ ജെറാര്‍ഡ് ബട്‌ലര്‍ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ അപകടകരമായ പ്രദേശത്ത് കുടുങ്ങിയ രഹസ്യ സി.ഐ.എ ഏജന്റ് ആയ ടോം ഹാരിസിനെ (ബട്‌ലര്‍ അവതരിപ്പിച്ച കഥാപാത്രം) ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രഹസ്യ ദൗത്യം കണ്ടെത്തപ്പെടുന്നതിന്റെ ഫലമായി ശത്രുസൈന്യത്തെയും വേട്ടയാടാന്‍ നിയോഗിക്കപ്പെട്ട വിദേശ ചാരന്മാരെയും ഒഴിവാക്കി, അഫ്ഗാന്‍ വിവര്‍ത്തകനൊപ്പം രക്ഷപ്പെടാനും കാണ്ഡഹാറിലെ രക്ഷാകേന്ദ്രത്തിലെത്താനും ടോം ഹാരിസ് നടത്തുന്ന പോരാട്ടമാണ് കാണ്ഡഹാറിന്റെ ഇതിവൃത്തം. പ്രഥമ പ്രദര്‍ശനത്തിനു പിന്നാലെ സൗദിയിലെ വോക്‌സ് സിനിമാസ് തിയേറ്ററുകളില്‍ കാണ്ഡഹാര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.