ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ പൊഡി ഗര്‍വാല്‍ ജില്ലയില്‍ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 45 പേര് മരിച്ചു. പരിക്കേറ്റ ഏഴുപേരെ ധുമകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരെ കുത്തിനിറച്ച് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. രാംനഗറില്‍ നിന്ന് ഭൊവനിയിലേക്കു പോകുകയായിരുന്നു. പോലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകട കാരണം വ്യക്തമല്ലെന്ന് പൊഡി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം ദുരിതാശ്വാസ സഹായമായി നല്കാന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരവിട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.