ബംഗളൂരു- കര്‍ണാടകയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ശാഫി സഅദിയടക്കം നാല് പേരുടെ നാമനിര്‍ദേശം റദ്ദാക്കി പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിച്ചു. ന്യൂനപക്ഷ ക്ഷേമ ഹജ്ജ്, വഖഫ് വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 140 ലധികം കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും നോമിനേറ്റഡ് ചെയര്‍മാന്‍, അംഗങ്ങള്‍, ഡയറക്ടര്‍ എന്നിവരുടെ നിയമനം റദ്ദാക്കിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നതി. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വഖഫ് ബോര്‍ഡിലെ നോമിനേറ്റഡ് അംഗങ്ങളുടെ നിയമനവും റദ്ദാക്കിയത്.
സ്വയംഭരണ സ്ഥാപനമായ വഖഫ് ബോര്‍ഡില്‍ അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നാമനിര്‍ദേശം റദ്ദാക്കിയ വിജ്ഞാപനം പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നോമിനേഷന്‍ റദ്ദാക്കിയ ിജ്ഞാപനം പിന്‍വലിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, മന്ത്രി ബി.ഇസഡ് സമീര്‍ അഹ്മദ് ഖാന്‍, സ്പീക്കര്‍ യു.ടി ഖാദര്‍, തുടങ്ങിയവരെ അഭിനന്ദിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ശാഫി സഅദി പറഞ്ഞു.