നാഗ്പൂര്‍- മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും യുഎഇയിലെ ഷാര്‍ജയിലേക്കുള്ള ആടു കയറ്റുമതി ജൈനരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങി. മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് അഖില്‍ ജൈന്‍ സമാജ് എന്ന സംഘടന 1,500 ആടുകളെ കയറ്റുമതി ചെയ്യാനുള്ള നീക്കം തടഞ്ഞത്. രാജസ്ഥാനില്‍ നിന്നും നാഗ്പൂരിലെത്തിച്ചവയായിരുന്നു ഇവ. ജൈന സംഘടനുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയും വിമാനം മുടക്കുകയുമായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര ഗതാഗത, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി, മൃഗക്ഷേമ വകുപ്പു മന്ത്രി മഹാദേവ് ജന്‍കര്‍, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു എന്നിവര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവയ്‌ക്കേണ്ടിയും വന്നു.
ബിജെപി രാജ്യസഭാ എംപി വികാസ് മഹാത്മെയുടെ ആശയമാണ് നാഗ്പൂരില്‍ നിന്നുള്ള ആടു കയറ്റുമതി. 'ജൈന സമുദായക്കാരുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് കയറ്റുമതി പദ്ധതി മാറ്റിവച്ചത്. അവരുമായി ചര്‍ച്ച നടത്തി ആടു കയറ്റുമതിയിലൂടെ വിദര്‍ഭ മേഖലയിലെ ദങ്കര്‍ സമുദായത്തിനും കര്‍ഷകര്‍ക്കും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തും. പതിറ്റാണ്ടുകളാണ് വളര്‍ത്തു മൃഗങ്ങളുടെ കയറ്റുമതി രാജ്യത്ത് പലയിടത്തും നടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പെട്ടന്നൊരു എതിര്‍പ്പുണ്ടാകാന്‍ പാടില്ല,' അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി മൃഗങ്ങളെ പോറ്റുന്ന കര്‍ഷക സമുദായമായ ദങ്കര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് വികാസ് മഹാത്മെയും. സംവരണത്തിനായി ബിജെപി സര്‍ക്കാരുമായി പോരടിക്കുന്ന ദങ്കര്‍ സമുദായത്തിന്റെ രോഷം അടക്കാനുള്ള ഒരു വഴികൂടി ആയാണ് വികാസ് മഹാത്മെയും മന്ത്രി മഹാദേവ് ജന്‍കറും ആടു കയറ്റുമതിയെ കാണുന്നത്.
ആടു കയറ്റുമതിയെ എതിര്‍ക്കുന്ന ജൈന വിഭാഗക്കാര്‍ വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. ആടു കയറ്റുമതി നാഗ്പൂരിന് ചീത്തപ്പേരുണ്ടാക്കുമെന്ന് അഖില്‍ ജൈന്‍ സമാജിന്റെ ഭാഗമായ ദിഗംബര്‍ ജൈന്‍ മഹാസിമിതിയുടെ മഹാരാഷ്ട്ര പ്രസിഡന്റ് റിച്ച ജൈന്‍ പറയുന്നു. 'ഈ കയറ്റുമതി മൃഗങ്ങളുടെ ശാപമേല്‍ക്കാന്‍ കാരണമാകും. നേപ്പാളില്‍ മൃഗങ്ങളോടുള്ള ക്രൂര കാരണം മുമ്പ് കാലാവസ്ഥാ ദുരന്തമുണ്ടായതും ഓര്‍ക്കണം,' റിച്ച പറയുന്നു. ആടു കയറ്റുമതി തടയാന്‍ തങ്ങള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ സഹായം തേടിയിട്ടുണ്ടെന്നും റിച്ച പറഞ്ഞു. ഈ കയറ്റുമതി തടയാന്‍ തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനിരിക്കുകയാണ് ഇവര്‍.
ദുബായിലെ ഒരു കമ്പനി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് ആടുകളെ കയറ്റിഅയക്കാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനായി മുടക്കിയ പണം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുമെന്ന് കയറ്റുമതിക്ക് സഹായം ചെയ്തു കൊടുത്ത യുഎസ് എന്റര്‍പ്രൈസസ് ഉടമ ഉല്ലാസ് മൊഹിലെ പറയുന്നു.