ഭുവനേശ്വര്‍- മതപരമായ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് സംസ്ഥാനത്തുടനീളമുള്ള ശിവക്ഷേത്രങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ഒഡീഷ സര്‍ക്കാര്‍ നിരോധിച്ചു. ശിവന്റെ പേരില്‍ അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നത് മതബോധത്തെ മലിനമാക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, ശിവന്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനാല്‍ സമ്പൂര്‍ണ നിരോധനം ശരിയല്ലെന്ന വാദവുമായി ഈ നീക്കത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് സുരേഷ് റൗെ്രെത രംഗത്തുവന്നു.
ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഒഡിയ ഭാഷ, സാഹിത്യ, സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബാനാപൂരിലെ ഭഗബതി ക്ഷേത്രത്തില്‍ മൃഗബലി നിരോധിക്കുകയും പിന്നീട് മിക്ക ക്ഷേത്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതുപോലെ, ഒഡീഷയിലെ എല്ലാ ശിവ ക്ഷേത്രങ്ങളിലും കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി അശ്വിനി പത്ര പറഞ്ഞു.
പ്രസിദ്ധമായ ബാബ അഖണ്ഡല്‍മണി ശിവക്ഷേത്രത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 13ന് അനന്ത ബലിയ ട്രസ്റ്റ് മേധാവി ബാലിയ ബാബ സംസ്ഥാന എക്‌സൈസ് വകുപ്പിന് കത്തെഴുതിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് ദിവസവും ശിവക്ഷേത്രത്തില്‍ എത്തുന്നത്. ശിവന്റെ പേരില്‍ അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നത് മതപരമായ ചൈതന്യത്തെ മലിനമാക്കുന്നുവെന്നാണ് ട്രസ്റ്റ് മേധാവി കത്തില്‍ പറഞ്ഞിരുന്നത്.
ശിവന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിക്കാറില്ല. കാലക്രമേണ, ഹിന്ദു മതത്തെക്കുറിച്ചും അതിന്റെ വിശ്വാസങ്ങളെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിച്ചു. കഞ്ചാവിന് പകരം ധാരാളം നല്ല കാര്യങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാം. സംസ്ഥാനത്തെ എല്ലാ ശൈവ ക്ഷേത്രങ്ങളിലും ആളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം- കത്തില്‍ പറയുന്നു.