ബംഗളൂരു- കര്‍ണാടകയില്‍ സംസ്ഥാന പോലീസിനെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. പോലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ശക്തമായ താക്കീതാണ് അദ്ദേഹം നല്‍കിയത്. മാറാന്‍ തയാറാല്ലെങ്കില്‍ മാറ്റേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പോലീസ് വകുപ്പിനെ കാവിവല്‍ക്കരിക്കാന്‍ തയാറെടുത്താല്‍ സര്‍ക്കാര്‍ അത് അനുവദിക്കില്ല-ബംഗളൂരു വിധാന സൗധയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ ശിവകുമാര്‍ പറഞ്ഞു.
മംഗളൂരു, ബിജാപൂര്‍, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാവി ഷാള്‍ ധരിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ കാവി ഷാള്‍ ധരിച്ച് ഈ യോഗത്തിന് വരണമായിരുന്നു. ദേശസ്‌നേഹമാകണമെങ്കില്‍ ദേശീയ പതാക ധരിച്ച് ജോലിക്ക് വരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം പേരെടുത്തിരുന്ന കര്‍ണാടക പോലീസിനെ അഴിമതിക്കാര്‍ നശിപ്പിച്ചു.
പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഒഎംആര്‍ ഷീറ്റ് ഉണ്ടാക്കിയത്. വാര്‍ത്താസമ്മേളനം നടത്തി ഈ അഴിമതി പുറത്തുകൊണ്ടുവന്നവരെ നിങ്ങള്‍ ഉപദ്രവിക്കുകയായിരുന്നു. കര്‍ണാടക പോലീസ് വകുപ്പിന്റെ അന്തസ്സ് നിങ്ങള്‍ നശിപ്പിച്ചു. എല്ലായിടത്തും പണമാണ്. പുതിയ സര്‍ക്കാരിനു കീഴില്‍ എല്ലാം വൃത്തിയാക്കണം. ഈ സര്‍ക്കാരിലൂടെ വലിയൊരു മാറ്റമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആരംഭിക്കണം- ശിവകുമാര്‍ പറഞ്ഞു.
മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലെത്തണം. നിങ്ങളുടെ മുമ്പത്തെ പെരുമാറ്റം ഇനി സഹിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിങ്ങള്‍ എന്നോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും എങ്ങനെ പെരുമാറിയെന്ന് എനിക്കറിയാം. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസുകള്‍ ചുമത്തി. അവരെ ഉപദ്രവിച്ചു. നിങ്ങള്‍ എന്നെയും സിദ്ധരാമയ്യയെയും വെറുതെ വിട്ടില്ല- ശിവകുമാര്‍ പറഞ്ഞു.
മൈസൂരു ഭരണാധികാരി ആയിരുന്ന ടിപ്പു സുല്‍ത്താനെ കൈകാര്യം ചെയ്തതുപോലെ സിദ്ധരാമയ്യയെയും കൈകാര്യം ചെയ്യണമെന്ന് പ്രസ്താവന നടത്തിയവര്‍ക്കെതിരെ എന്തുകൊണ്ട് നിങ്ങള്‍ കേസെടുത്തില്ല. കൊലപാതകത്തിനാണ് ആഹ്വാനം ചെയ്തത്. എന്നാല്‍ നിങ്ങള്‍ മുന്‍ ഐടി ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണനെതിരെ കേസെടുത്തില്ല. അതൊരു കുറ്റമല്ലേ? നിങ്ങള്‍ ചെയ്തതെല്ലാം ഞങ്ങളുടെ പക്കലുണ്ട്. ഇനി ഇതൊന്നും സഹിക്കില്ല. നിങ്ങള്‍ മാറണം, നിങ്ങളുടെ പെരുമാറ്റം മാറണം. ഇല്ലെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളെ മാറ്റേണ്ടിവരും. വിദ്വേഷം മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ സ്വയം മാറി പുതുതായി ജോലി ആരംഭിക്കുകയും ജനങ്ങള്‍ക്ക് സമാധാനം നല്‍കുകയും വേണം- ശിവകുമാര്‍ പറഞ്ഞു.