ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയുമായി തര്‍ക്കിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജയിലിലടച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സര്‍ക്കാര്‍. പ്രതിപക്ഷവും അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായി പരസ്യമായി തര്‍ക്കിച്ചതിന് വ്യാഴാഴ്ചയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉത്തരാ പന്ത് ബഹുഗുണയെ സസ്‌പെന്റ് ചെയ്യാനും അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത അധ്യാപികയെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇവരെ ഉടന്‍ സസ്‌പെന്റ് ചെയ്ത്, അറസ്റ്റ് ചെയ്യൂ എന്ന മുഖ്യമന്ത്രിയുടെ ആക്രോശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസ മന്തി അരവിന്ദ് പാണ്ഡേ ശനിയാഴ്ച രാവിലെ തന്നെ ബന്ധപ്പെട്ടതായി 57 കാരിയായ ഉത്തരാ ബഹുഗുണ അറിയിച്ചു. ജൂലൈ രണ്ടിന് തിരിച്ചെത്തിയ ശേഷം ജൂലൈ മൂന്നിന് നേരിട്ടു കാണാമെന്നും സ്ഥലം മാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും നീതി നടപ്പാക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനത്ത് പരാതി പരിഹാര അദാലത്ത് നടക്കുന്നതിനിടെ മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഉത്തരകാശിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രിന്‍സിപ്പലായ ഉത്തരാ ബഹുഗുണ വ്യക്തിപരമായ കാരണങ്ങളാലാണ് ഡെറാഡൂണിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച അവര്‍ മക്കളോടൊപ്പം താമസിക്കാനാണ് സ്ഥലംമാറ്റം ചോദിച്ചതെങ്കിലും അനുവദിച്ചില്ല.
മുഖ്യമന്ത്രിയുടെ ആക്രോശം ഇന്റര്‍നെറ്റില്‍ തരംഗമായതോടെ അധ്യാപികയെ പിന്തുണച്ച് കോണ്‍ഗ്രസും നിരവധി അധ്യാപക സംഘടനകളും രംഗത്തു വന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയും നാണക്കേടുമായി സംഭവം.
സ്ഥലം മാറ്റ അപേക്ഷ പരിശോധിക്കണമെന്ന് അന്നു തന്നെ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെന്ന് ബി.ജെ.പി വക്താവ് മന്നാ സിംഗ് ചൗഹാന്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ നൂറുകണക്കിനാളുകളാണ് അധ്യാപിക്ക് പിന്തുണയുമായി രംഗത്തു വന്നത്.