Sorry, you need to enable JavaScript to visit this website.

ഏജന്റിന്റെ ചതിയില്‍ വ്യാജ ഓഫര്‍ ലെറ്ററില്‍ കാനഡയിലെത്തിയ യുവതിയെ നാടുകടത്താന്‍ വിധി

ടൊറന്റോ- വ്യാജ ഓഫര്‍ ലെറ്റര്‍ വഴി കാനഡയില്‍ സ്റ്റുഡന്‍സ് വിസ നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ നാടുകടത്തിയേക്കും. അഞ്ച് വര്‍ഷം മുമ്പാണ് കാനഡയില്‍ കരംജീത് കൗറ് വിദ്യാര്‍ഥി വിസയിലെത്തിയത്. മെയ് 29നകം നാടുകടത്തണമെന്നാണ് ഇമിഗ്രേഷന്‍ ആന്റ് റെഫ്യൂജി ബോര്‍ഡ് വിധിച്ചിരിക്കുന്നത്. വ്യാജ ഓഫര്‍ ലെറ്ററാണ് കരംജീത് ഹാജരാക്കിയതെന്നാണ് വിധിയില്‍ പറയുന്നത്. 

ഏജന്റിന്റെ ചതിയില്‍പെട്ട് സമാനമായ രീതിയില്‍ വ്യാജ ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച 700ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അതിനിടെയാണ് കരംജീത് കൗറിന്റെ വിധി പുറത്തുവന്നത്. 

കാനഡയില്‍ പഠിക്കാനും ജോലി ചെയ്യാനുമായി എത്തിയ കരംജീത് കൗറും ഇന്ത്യയിലെ ഏജന്റിന്റെ ചതിയില്‍പ്പെട്ടാണ് കുരുക്കിലായത്. ദരിദ്ര കുടുംബത്തിലെ അംഗമായ കരംജീത് കൗര്‍ വന്‍ തുകയാണ് സ്റ്റുഡന്റ് വിസയ്ക്കായി ചെലവഴിച്ചത്. നിലവില്‍ എഡ്മണ്ടണിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന കൗര്‍ വിവാരഹം ചെയ്തിരിക്കുന്നത് കനേഡിയന്‍ പൗരനെയാണ്. നവംബര്‍ വരെ വര്‍ക്ക് പെര്‍മിറ്റ് കരംജീത് കൗറിനുണ്ടെങ്കിലും മെയ് 29നകം നാടുകടത്തണമെന്ന വിധി 25കാരിക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. 

സ്ഥിരതാമസത്തിനുള്ള അപേക്ഷയുടെ അവസാന ഘട്ടത്തിലാണ് കരംജീതിന്റെ സ്റ്റുഡന്റ് വിസ ഉറപ്പാക്കിയ ടൊറന്റോയിലെ സെനെക്ക കോളേജില്‍ നിന്നുള്ള പ്രവേശന കത്ത് വ്യാജമാണെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി കണ്ടെത്തിയത്. കാനഡയിലെത്തിയതിന് ശേഷം സെനെകയില്‍ അഡ്മിഷന്‍ ലഭിച്ചിട്ടില്ലെന്ന് മനസിലായെന്നും  ഒടുവില്‍ എഡ്മണ്ടനിലെ നോര്‍ക്വസ്റ്റ് കോളേജില്‍ പ്രവേശനം നേടിയതായും കൗര്‍ പറയുന്നു. അവിടെ നിന്നും 2020-ല്‍ ബിസിനസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജ്‌മെന്റ് പ്രോഗ്രാമില്‍ ബിരുദം നേടി. എന്നാല്‍ ഇതിത്ര വലിയ പ്രശ്‌നമാകുമെന്ന് അവര്‍ കരുതിയിരുന്നില്ല.

ഇമിഗ്രേഷന്‍ പ്രക്രിയ വളരെ കര്‍ശനമാണെന്നും അവര്‍ വിസ നല്‍കുമ്പോള്‍ എല്ലാം പരിശോധിക്കുമെന്നും കരുതിയതായി കൗറിന്റെ കേസ് ഏറ്റെടുത്ത നന്ദ ആന്‍ഡ് കമ്പനി അറിയിച്ചു. കൗറിന്റെ കോളേജ് പ്രവേശന കത്ത് നിയമാനുസൃതമാണെന്ന് ഇന്ത്യയിലെയും കാനഡയിലെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായി കമ്പനി പറയുന്നു.

Latest News