മലയാള സിനിമയിലും മീ ടു ക്യാംപെയില്‍ ഉണ്ടാകുമെന്ന് നടിയും ഡബ്ലുസിസി പ്രവര്‍ത്തകയുമായ സജിതാ മടത്തില്‍. സഹിക്കാന്‍ കഴിയുന്നതിന് പരിധിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരും. ഡബ്ലുസിസിയില്‍ ഒരു ആഭിപ്രായ ഭിന്നതയും ഇല്ല. മഞ്ജു വാര്യര്‍ ഡബ്ലുസിസിക്ക് ഒപ്പം തന്നെ ഉണ്ടെന്നും സജിതാ മഠത്തില്‍ പറഞ്ഞു.
പുതിയ പെണ്‍കുട്ടികള്‍ എല്ലാം കാര്യങ്ങള്‍ തുറന്നു പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ അവര്‍ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. എന്നാല്‍ എല്ലാ കാലത്തും അത് നടക്കില്ല. ഇപ്പോള്‍ മൂന്ന് പേര്‍ പുറത്തേക്ക് വന്നതു പോലെ മറ്റ് മൂന്ന് പേര്‍ സംഘടനയ്ക്കകത്ത് പോരാടുന്നതുപോലെ ഇനിയും കുറേ പേര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സജിതാ മഠത്തില്‍ പറഞ്ഞു.
സുരക്ഷിതമായ തൊഴിലിടത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ലുസിസി. അക്കാര്യത്തില്‍ ഇനിയൊരു പിന്നോട്ട്‌പോക്ക് ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടിയാണ് ആദ്യം രാജിവെക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവര്‍ അതിനെ പിന്തുണച്ചാണ് രാജിവെച്ചത്. മൂന്നുപേര്‍ രാജിവയ്ക്കാതെ അമ്മയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടതും ഡബ്ലുസിസിയുടെ ആവശ്യപ്രകാരമാണ്. ഇക്കാര്യത്തില്‍ ഡബ്ലുസിസിയില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു.മഞ്ജു വാര്യരും സംഘടനയ്ക്ക് ഒപ്പമാണ്. സ്ഥലത്ത് ഇല്ലാത്തതിനാലാണ് അഭിപ്രായം പറയാത്തത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍കൂടി പരിഗണിച്ചാണ് ഈ വിഷയത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കാത്തതെന്നും സജിതാ മഠത്തില്‍ പറഞ്ഞു.