ഡെറാഡൂണ്‍-ജനപ്രതിനിധി ആയതിനാല്‍ അവരോടുള്ള ഉത്തരവാദിത്തം കൂടി കണക്കിലെടുത്താണ് മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ചതെന്ന് ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ യശ്പാല്‍ ബെനം.
മകളുടെ വിവാഹ ക്ഷണണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് സംഘ്പരിവാര്‍, വലതുപക്ഷ ഗ്രൂപ്പുകളുടെ വലിയ പ്രതിഷേധമാണ് അദ്ദേഹം നേരിട്ടത്. തുടര്‍ന്ന് മേയ് 28 ന് നടക്കേണ്ട വിവാഹം മാറ്റിവെച്ചിരിക്കയാണ്.
'ഞാന്‍ എന്റെ മകളുടെ വിവാഹം ഒരു മുസ്ലിം യുവാവുമായി നിശ്ചയിച്ചു. അക്കാര്യം എല്ലാവരേയും അറിയിച്ചു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടായതിനാല്‍ മക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍ എല്ലാവരും വിവാഹത്തിന് സമ്മതിച്ചു- പൗരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ബെനം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം വിവാഹത്തിന് അനുകൂലമല്ലെന്ന് മനസ്സിലാക്കിയാണ് മേയ് 26 മുതല്‍ 28 വരെ ആസൂത്രണം ചെയ്ത പരിപാടികള്‍ മാറ്റിവെക്കുന്നത്- അദ്ദേഹം പറഞ്ഞു.
പിതാവായതിനാല്‍ ഞാന്‍ എന്റെ മകളുടെ സ്‌നേഹം അംഗീകരിക്കുകയായിരുന്നു. ഞങ്ങള്‍ വരന്റെ കുടുംബത്തോടൊപ്പം ഇരുന്നാണ് അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഞാന്‍ ഒരു ജനപ്രതിനിധിയും മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനുമായതിനാല്‍ എന്റെ ഉത്തരവാദിത്തം ജനങ്ങളോടും കൂടിയാണ്. സന്തോഷകരവും യോജിപ്പുള്ളതുമായ അന്തരീക്ഷം നിലനിര്‍ത്താനാണ് ഈ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായതിനെ തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും ബാനറിന് കീഴില്‍ നിരവധി പേര്‍ പൗരി ഗഡ്‌വാളില്‍ മുദ്രാവാക്യം വിളിച്ചും ബെനമിന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു. വിവാഹത്തിനെതിരെ വ്യക്തിപരമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും ബെനം പറഞ്ഞു.
രണ്ട് മൂന്നു മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചതെന്നും അന്ന് ആളുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷണക്കത്ത് ഇറക്കരുതെന്ന് ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചില്ല. കാര്‍ഡ് വൈറലാകുകയും നിരവധി സംഘടനകള്‍ എനിക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും വിഷയം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുകയും ചെയ്തു-ബെനം പറഞ്ഞു.
വിവാഹം പോലീസ് സംരക്ഷണത്തില്‍ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ സമയത്ത് തങ്ങളെ പൂര്‍ണമായി പിന്തുണച്ചതിന് വരന്റെ കുടുംബത്തോട് അദ്ദേഹം നന്ദി പറഞ്ഞു. പോലീസിനും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
സംഘ്പരിവാറിലെ പല മുതിര്‍ന്ന ഭാരവാഹികളും തന്നെ വിളിച്ചിരുന്നതായി ബെനം പറഞ്ഞു. ഈ ലോകത്ത് എല്ലാത്തരം ആളുകളുമുണ്ട്. ചിലര്‍ എന്നോട് മാന്യമായി സംസാരിച്ചു. ചിലര്‍ പരുഷമായാണ് സംസാരിച്ചത്. അവരുടെ കോപത്തെ അവര്‍ ന്യായീകരിക്കുന്നു. മകളോടുള്ള സ്‌നേഹം എന്റെ അഭിപ്രായത്തില്‍ ന്യായീകരിക്കപ്പെടുന്നു. വരന്റെ കുടുംബക്കാര്‍ നല്ല ആളുകളാണ്. മുസ്ലിമായതുകൊണ്ടു മാത്രം അവരെ അവഗണിക്കുന്നത് നല്ല കാര്യമല്ല. വിവാഹത്തിനെതിരെ പലരും എനിക്ക് മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ ജീവിതത്തെ അപകടത്തിലാക്കുമെന്നാണ് പ്രധാനമായും പറഞ്ഞത്. മകളുടെ സന്തോഷമാണ് പ്രധാനമെന്നും രാഷ്ട്രീയ ജീവിതം വേറിട്ടതാണെന്നുമാണ് മറുപടി നല്‍കിയിരുന്നത്.
രാഷ്ട്രീയ ജീവിതം കോണ്‍ഗ്രസില്‍ ആരംഭിച്ച ബെനം പത്ത് വര്‍ഷം മുമ്പാണ് പാര്‍ട്ടി വിട്ടത്. 2007ല്‍ പൗരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ തിരത് സിംഗ് റാവത്തിനെ പരാജയപ്പെടുത്തി സ്വതന്ത്ര എംഎല്‍എയായിട്ടുണ്ട്.
ബെനമിന്റെ മകള്‍ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചത്. അവിടെവെച്ചാണ് അവള്‍ വരനെ കണ്ടെത്തിയത്.
ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഞങ്ങള്‍ ഇടപെടില്ലെന്നും എന്നാല്‍ ആരെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ തീവ്രവാദികളാക്കുന്നതിന് നമ്മുടെ പെണ്‍മക്കളെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ബി.ജെ.പി അതിന് എതിരാണെന്നുമാണ് ഉത്തരാഖണ്ഡ് ബിജെപി മീഡിയ ഇന്‍ചാര്‍ജ് മന്‍വീര്‍ ചൗഹാന്റെ പ്രതികരണം.
വിഷയം മനസിലാക്കി യശ്പാല്‍ ബെനമിനെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാര പറഞ്ഞു. ഇത് വ്യക്തിപരമായ കാര്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാക്കള്‍ പറയുന്നുണ്ടെങ്കിലും യശ്പാല്‍ ബെനമിനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അവര്‍ പറയണം. ബിജെപി തന്നെയാണ് ഭീഷണിപ്പെടുത്തുന്നു എന്നതാണ് സത്യം.മറ്റു സംഘടനകള്‍ ബി.ജെ.പിയെ പിന്തുണക്കുകയാണ്- മഹാര പറഞ്ഞു.