ന്യൂദൽഹി-പടിഞ്ഞാറൻ ദൽഹിയിലെ മോട്ടി ബാഗിലെ മെട്രോ സ്റ്റേഷന് സമീപം അമിത വേഗതയിൽ വന്ന കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് 36 കാരൻ മരിച്ചു. പലചരക്ക് കട നടത്തിയിരുന്ന അജയ് ഗുപ്തയാണ് മരിച്ചത്. ആശുപത്രിയിൽനിന്ന് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 28-കാരിയാണ് കാർ ഓടിച്ചിരുന്നത്. അശോക് വിഹാർ സ്വദേശിനിയായ ഇവർ ഓടിച്ച ബി.എം.ഡബ്യു കാർ അമിതവേഗതയിലെത്തി ആദ്യം ജനറേറ്ററിൽ ഇടിക്കുകയും പിന്നീട് ഗുപ്തയുടെ മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗ്രേറ്റർ കൈലാഷിലെ ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവതി. ഇവരെ അറസ്റ്റ് ചെയ്തു.
അപകടം സംബന്ധിച്ച് പുലർച്ചെ 4.08നാണ് പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോൾ മോത്തി നഗർ മേൽപ്പാലത്തിലേക്കുള്ള റോഡിൽ രണ്ട് വാഹനങ്ങൾ തകർന്ന നിലയിൽ കണ്ടെത്തി. അപകടകരമായ വാഹനത്തിന്റെ ഡ്രൈവറെയോ വാഹനമിടിച്ച ആളെയോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ഘനശ്യാം ബൻസാൽ പറഞ്ഞു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ പരിക്കേറ്റ ഗുപ്തയെ എബിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ബന്ധുക്കൾ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ രോഗി ഗുരുതരാവസ്ഥയിലായിരുന്നു. അധികം വൈകാതെ മരിച്ചു.
ബസായ് ദാരാപൂരിൽ താമസിക്കുന്ന ഗുപ്തയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഗുപ്ത തനിക്കുള്ള മരുന്ന് വാങ്ങാൻ രാത്രി ഏറെ വൈകിയാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. ഗുപ്തയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.