ഹൈദരാബാദ്- കിട്ടാക്കടം രൂക്ഷമായതിനെ തുടര്‍ന്ന് നഷ്ടത്തിലായ പൊതുമേഖലാ ബാങ്കായ ഐഡിബിഐയെ ഏറ്റെടുക്കാന്‍ പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസിക്ക് അനുമതി. ബാങ്കിന്റെ 51 ശതമാനം ഓഹരി എല്‍ഐസി വാങ്ങി ബാങ്കിന്റെ ജീവന്‍ രക്ഷിക്കാനാണു പദ്ധതി. ബാങ്കിനെ ഏറ്റെടുക്കാന്‍ എല്‍ഐസിക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കി. നിലവില്‍ ഐഡിബിഐ ബാങ്കില്‍ എല്‍ഐസിക്ക് എട്ടു ശമതാനം ഓഹരി പങ്കാളിത്തമുണ്ട്. പുതിയ ഓഹരികള്‍ കൂടി വാങ്ങുന്നതോടെ ഐഡിബിഐ ബാങ്കിന് മൂലധനമായി 10,000 മുതല്‍ 13,000 കോടി രൂപ വരെ ലഭിക്കും.
ഇടപാടിലൂടെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) ബാങ്കിങ് രംഗത്ത് ചുവടുറപ്പിക്കാനാണു നീക്കം. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് ഒരു ബാങ്കിലും 15 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം പാടില്ലെന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടത്തില്‍ എല്‍ഐസിക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇളവ് നല്‍കി. ഇപ്പോള്‍ 51 ശതമാനം ഓഹരിയും സ്വന്തമാക്കാമെങ്കിലും അടുത്ത 5-7ഏഴു വര്‍ഷത്തിനുള്ളില്‍ ഇത് 15 ശതമാനമായി കുറച്ചു കൊണ്ടു വരണമെന്നും വ്യവസ്ഥയുണ്ട്.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 80.96 ശതമാനം ഓഹരി പങ്കാളിത്തം ഐഡിബിഐ ബാങ്കിലുണ്ട്. ഇത് 49 ശതമാനമായി ചുരുങ്ങും. ഏറ്റെടുക്കലിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി എന്നിവയുടെ അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. പൊതു മേഖലാ ബാങ്ക് ആയതിനാല്‍ കേന്ദ്ര മന്ത്രിസഭയും ഈ ഇടപാട് അംഗീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഐഡിബിഐയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. ഏറ്റവും കൂടുതല്‍ കിട്ടാക്കടമുള്ള പൊതുമേഖലാ ബാങ്കായതാണു കാരണം. 2018 സാമ്പത്തിക വര്‍ഷം ഐഡിബിഐയുടെ കിട്ടാക്കടം ഇരട്ടിയോളം വര്‍ധിച്ച് 55,588.26 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ നഷ്ടം മുന്‍ വര്‍ഷം 5,158 കോടി രൂപയായിരുന്നത് 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 8,237 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്്.