ജൂലൈ ആദ്യവാരം വാഷിങ്ടണില്‍ നടത്താനിരുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി 2+2 ചര്‍ച്ച മാറ്റിവച്ചതായുള്ള യുഎസിന്റെ അറിയിപ്പിനു തൊട്ടുപിറന്നാലെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ ചര്‍ച്ചയ്ക്കു ക്ഷണിച്ച യുഎസ് നടപടി ഇന്ത്യ തള്ളി. നേരത്ത നടത്താന്‍ പദ്ധതിയിട്ടിരുന്ന ചര്‍ച്ച 'ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍' മാറ്റിവച്ചെന്നാണ് യുഎസ് ഇന്ത്യയെ അറിയിച്ചത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും യുഎസിന്റെ വിദേശകാര്യ സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ഉള്‍പ്പെടുന്ന പ്രഥമ 2+2 ചര്‍ച്ച നടക്കാത്ത പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രിയെ മാത്രം ചര്‍ച്ചയ്ക്കു വളിക്കുന്നത് ഉഭയ കക്ഷി ചര്‍ച്ചയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
2+2 ചര്‍ച്ചയ്ക്കു ശേഷം ജൂലൈ ആറിനായിരുന്നു മന്ത്രി നിര്‍മലാ സീതാരാമനെ തുടര്‍ ചര്‍ച്ചയ്ക്കായി യുഎസ് പെന്റഗണിലേക്ക് ക്ഷണിച്ചിരുന്നത്. 2+2 ചര്‍ച്ചയ്ക്കുള്ള പുതിയ തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. വാഷിങ്ടണില്‍ നടക്കാതെ പോയ ചര്‍ച്ച ഇനി ന്യൂദല്ഹിയിലായിരിക്കും നടക്കുക.
2+2 ചര്‍ച്ചയ്ക്കു ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി പെന്റഗണില്‍ കൂടിക്കാഴ്ച നടത്താനാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ ക്ഷിച്ചത്. യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക്കല്‍ പോംപിയോ മറ്റു തിരക്കുകളില്‍ പെട്ടുപോയതോടെയാണ് 2+2 ചര്‍ച്ച നീണ്ടു പോകുന്നത്. ഇതു നടക്കാത്ത പശ്ചാത്തലത്തില്‍ തുടര്‍ ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നതിനാലാണ് മന്ത്രി നിര്‍മലാ സീതാരാമന് യുഎസിലേക്കു പോകേണ്ടെന്നു തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.