നീലേശ്വരം- കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോ ആണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷും സുമലത ടീച്ചറുടേയും. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിലെ മുഖ്യ ആകര്‍ഷണമായി മാറി. ഇപ്പോഴിതാ ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ പോകുകയാണെന്നും വിവാഹിതരാകാന്‍ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള ഒരു സേവ് ദ ഡേറ്റ് വീഡിയോ ആണ് അതിന് കാരണമായത്. എന്നാല്‍ ഇപ്പോഴിതാ അതൊരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോ ആണെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ പുറത്തെത്തിയതോടെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. സുരേഷേട്ടന്‍ ശെരിക്കും കെയറിങ് ആണോ, ഇനി നിങ്ങള്‍ക്ക് ഓട്ടോയില്‍ ഇരുന്നു സംസാരിക്കണ്ടല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ നര്‍മ്മത്തില്‍ ചാലിച്ച് ഒരുക്കിയ സിനിമയായിരുന്നു ന്നാ താന്‍ കേസ് കൊട്. സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ പലതും അവതരിപ്പിച്ചത് പുതുമുഖങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഇരുവരും പരിശ്രമിച്ചതോടെ കഥാപാത്രങ്ങള്‍ക്കൊപ്പം ഇവരും കയ്യടി നേടി.രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ 'സേവ് ദ് ഡേറ്റ്' വിഡിയോയെന്നാണ് സൂചന. 'ന്നാ താന്‍ കേസ് കൊട്'ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ 'ആയിരം കണ്ണുമായി' എന്നാകും . 'ന്നാ താന്‍ കേസ് കൊട്'എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് 'ആയിരം കണ്ണുമായി'എന്നത്.
രാജേഷ് മാധവനും ചിത്ര നായരും കാസര്‍കോട് സ്വദേശികളാണ്. മലയാള സിനിമയിലെ പ്രശസ്തനായ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ രാജേഷായിരുന്നു. ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.