കൊച്ചി- വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള്‍ ആരും തന്നെ ആലോചിക്കുന്നില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. ഈ വാര്‍ത്തകള്‍ക്ക് ആരെങ്കിലും ഇരയാക്കപ്പെടുന്നുണ്ടോ എന്നും സമൂഹത്തിനെ തെറ്റായ രീതിയില്‍ ബാധിക്കുന്നുണ്ടോ എന്നും നമ്മള്‍ ആലോചിക്കുന്നില്ല. ഇത് ളരെ തെറ്റായ ഒരു പ്രവണതയാണെന്ന് മംമ്ത പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ടെന്ന് നടി പറഞ്ഞു. മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ വാര്‍ത്താചാനലുകള്‍ ഇപ്പോളുണ്ടെന്നും വളരെ വേഗത്തിലാണ് ഓരോ വാര്‍ത്തയും പ്രചരിക്കുന്നതെന്നും പോപ്പര്‍ സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മുന്‍നിരമാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. അവര്‍ക്ക് എന്ത് വാര്‍ത്ത കൊടുത്താലാണോ കൂടുതല്‍ റീച്ച് കിട്ടുന്നത് അവരത് കൊടുക്കുന്നു. മുന്‍കാലങ്ങളേക്കാള്‍ വാര്‍ത്താചാനലുകള്‍ ഇപ്പോളുണ്ട്. ഓരോ ആഴ്ചയിലും പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാവുന്നു.
കൂടുതല്‍ ലൈക്കുകളും ഷെയറുകളുമൊക്കെ അവര്‍ നമ്മളോട് ആവശ്യപ്പെടുന്നു. സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് അതിന്റെ സത്യാവസ്ഥയെപ്പറ്റിയൊന്നും ചിന്തിക്കാതെ ആളുകള്‍ അത് ഉടന്‍ തന്നെ ഷെയര്‍ ചെയ്യുന്നു. ഒരു മെസേജൊക്കെ ഫോര്‍വേഡ് ചെയ്യാന്‍ ഒരു നിമിഷമേ വേണ്ടൂ.
ഇപ്പോള്‍ എനിക്കൊരു ഫോര്‍വേഡ് മെസേജ് ലഭിച്ചാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ തന്നെ വാട്‌സപ്പിലൊക്കെ 'ഫോര്‍വേഡെഡ് മെനി ടൈംസ് എന്ന് കാണാന്‍ സാധിക്കും'. അത്രയും വേഗത്തിലാണ് ഓരോ വാര്‍ത്തയും പ്രചരിക്കുന്നത്-മംമ്ത പറഞ്ഞു.