പൂനെ- പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനിശ്ചിതകാല നിരാഹാര സമരംനടത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ ഒരാള്‍ ആശുപത്രിയില്‍. ആരോഗ്യം മോശമായതോടെയാണ് മലയാളിയായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം സ്വദേശി അശ്വിന്‍ എ. കെയെയാണ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എഡിറ്റിംഗ് വിദ്യാര്‍ഥിയാണ് അശ്വിന്‍.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമിക് കൗണ്‍സില്‍ ഒരു വിദ്യാര്‍ഥിക്കെതിരെ എടുത്ത വിവേചനപരമായ തീരുമാനമായിരുന്നു സമരത്തിന് കാരണം. എന്നാല്‍ സമരം തുടങ്ങി അഞ്ചു ദിവസമായിട്ടും യാതൊരു നടപടിയും സ്ഥാപനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് എഫ്. ടി. ഐ. ഐ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അശ്വിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ രണ്ടു വിദ്യാര്‍ഥികള്‍ കൂടി നിരാഹാര സമരത്തില്‍ പങ്കെടുത്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.