ഒറ്റ ദിവസം മൂന്ന് പേരെ തല്ലിക്കൊന്നു; ത്രിപുരയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു

അഗര്‍ത്തല- വാട്‌സാപ്പിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്ന ത്രിപുരയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. സ്മാര്‍ട്ട് ഫോണിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് കാരണമെന്ന് വിലയിരുത്തിയാണ് നടപടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 25 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഇന്റര്‍നെറ്റും മൊബൈല്‍ മെസേജിംഗ് സേവനങ്ങളും വിലക്കിയിരിക്കുന്നതെന്ന് ത്രിപുര പോലീസ് വക്താവ് സ്മൃതിരഞ്ജന്‍ ദാസ് പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ട മൂന്ന് പേരില്‍ വ്യജ സന്ദേശങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ നിയോഗിച്ച ഒരാളും ഉള്‍പ്പെടുന്നു. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്ന് 130 കി.മീ അകെല സബ്രൂമില്‍ സുകന്ത ചക്രബര്‍ത്തിയെയാണ് ജനക്കൂട്ടം വടികളും കല്ലുകളുമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. അഭ്യൂഹങ്ങളില്‍ കുടുങ്ങരുതെന്ന് മെഗഫോണിലൂടെ ജനങ്ങളോട് അഭ്യര്‍ഥിക്കുമ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തില്‍ എന്താണ് ജനക്കൂട്ടത്തെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്ന് ത്രിപുര പോലീസ് പറഞ്ഞു. സുകന്ത ചക്രബര്‍ത്തി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഒരു മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു. പൊടുന്നനെ ആയിരുന്നു ജനക്കൂട്ടം വടികളുമായി എത്തിയത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ സമയം കിട്ടിയില്ല. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ഡ്രൈവറെ മാത്രമേ രക്ഷിക്കാനായുള്ളൂ -പോലീസ് വക്താവ് സ്മൃതിരഞ്ജന്‍ ദാസ് പറഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍നിന്നെത്തിയ നാല് വ്യാപാരികളെ ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ചു. ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ പിന്തുടര്‍ന്നത്. ചായ കുടിക്കുന്നതിന് റോഡരികില്‍ വാഹനം നിര്‍ത്തി ഇറങ്ങിയപ്പോഴാണ് നൂറുകണക്കിനാളുകള്‍ സംഘടിച്ചെത്തിയത്. സമീപത്തുണ്ടായിരുന്ന അര്‍ധസേനാ വിഭാഗത്തിന്റെ ക്യാമ്പില്‍ അഭയം തേടിയിട്ടും രക്ഷയുണ്ടായില്ല. ക്യാമ്പില്‍ കയറിയ ജനക്കൂട്ടം കാറില്‍നിന്ന് നാലു പേരേയും പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സൈനികര്‍ ആകാശത്തേക്ക് നിറയൊഴിച്ചിട്ട് പോലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. സാഹിര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു സൈനികനും പരിക്കേറ്റിരുന്നു. ഇതേ പ്രദേശത്തു തന്നെ ഒരു അജ്ഞാത സ്ത്രീയേയും ആളുകള്‍ തല്ലിക്കൊന്നു. ഗ്രാമത്തിലൂടെ നടക്കുകയായിരുന്ന ഇവരെ ആളുകള്‍ വളയുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീയെന്ന് ആരോപിച്ച് 40 കാരിയെ ഗ്രാമം മുഴവന്‍ വലിച്ചിഴച്ചുവെന്നും പോലീസ് പറയുന്നു.
അക്രമസംഭവങ്ങളില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനന ശിക്ഷാ നപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബിപ്ലബ് ദേബ് മുന്നറിയിപ്പ് നല്‍കി. തന്നെ താഴെയിറക്കാന്‍ രാഷ്ട്രീയ എതിരാളികളാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് കുഴപ്പങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുട രാജിക്കായുള്ള മുറവിളി ശക്തമാണ്.
വര്‍ഗീയ, ജാതി സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍, കൂടുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ രാജ്യത്ത് ഇന്റര്‍നെറ്റ് വിഛേദിക്കുക സാധാരണമാണ്. രാജ്യത്ത് നൂറുകോടിയിലേറെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഇവരില്‍ 47.8 കോടി സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.
മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന പാക്കിസ്ഥാനി സുരക്ഷാ വീഡിയോ ഇവിടെ യഥാര്‍ഥ സംഭവത്തിന്റെ വീഡിയോ ആയാണ് പ്രചരിപ്പിച്ചത്. രക്ഷിതാക്കള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയോടെ ആയിരുന്നു വ്യാജ പ്രചാരണം.

 

Latest News