തിരുവനന്തപുരം- നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2017-18 സാമ്പത്തിക വര്‍ഷം 156 കോടി രൂപയുടെ ലാഭമുണ്ടാക്കി. ഉപകമ്പനിയായ സിയാല്‍ ഡ്യൂട്ടി ഫ്രീ സര്‍വീസസ് ലിമിറ്റഡ് ഇത്തവണ 237.25 കോടി രൂപയും ലാഭം നേടി. സിയാലിന്റെ മൊത്തം വിറ്റുവരവ് 701.13 കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാന്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗം ശുപാര്‍ശ ചെയ്തു. നിക്ഷേപകരുടെ വാര്‍ഷിക യോഗം അംഗീകരിച്ചാല്‍ ലാഭ വിഹിതം 28 ശതമാനമായി ഉയരും. 30 രാജ്യങ്ങളിലായി 18,000ല്‍ അധികം നിക്ഷേപകരാണ കമ്പനിക്കുള്ളത്.
2003-04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭ വിഹിതം നല്‍കി വരുന്ന കമ്പനി നിലവില്‍ നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് മടക്കി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 32.41 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31.01 കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാരിനു ലഭിച്ചത്. സിയാലിന്റെ സോളാര്‍ വൈദ്യുതോല്‍പ്പാദനം 30 മെഗാവാട്ടില്‍ നിന്ന് 40 മെഗാവാട്ടായി രണ്ടു മാസത്തിനകം ഉയര്‍ത്തും. നവീകരിക്കുന്ന ആഭ്യന്തര ടെര്‍മിനല്‍ ഉടന്‍ തുറന്നു നല്‍കും.
സിയാല്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രി മാത്യു ടി തോമസ്, മന്ത്രി വി.എസ് സുനില്‍ കുമാര്‍, റോയ് കെ. പോള്‍, എ.കെ രമണി, എം.എ യൂസഫലി, എന്‍.വി ജോര്‍ജ്, ഇ.എം ബാബു, സിയാല്‍ എം.ഡി വി.ജെ കൂര്യന്‍, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.