അഹമ്മദാബാദ് - ഗുജറാത്ത് മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ(69) വാഹനാപകടത്തിൽ മരിച്ചു. മന്ത്രി സഞ്ചരിച്ച കാർ ബുൾഡോസറിൽ ഇടിക്കുകയായിരുന്നു. അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല ടൗണിന് സമീപത്ത് വച്ച് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
സമീപ ഗ്രാമത്തിൽ നിന്ന് സവർകുണ്ഡ്‌ലയിലേക്ക് മടങ്ങുകയായിരുന്നു വഗാസിയ. ഇദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്കും പരുക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഗാസിയയെ രക്ഷിക്കാനായില്ലെന്ന് വണ്ട പോലീസ് അറിയിച്ചു.
അപകട വിവരമറിഞ്ഞ് നിരവധി പാർട്ടി നേതാക്കളും അനുയായികളും ആശുപത്രിയിൽ ഓടിയെത്തി. സവർകുണ്ഡ്‌ല നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ നിയമസഭാംഗമായ വഗാസിയ, വിജയ് രൂപാണി സർക്കാരിന്റെ ആദ്യ ടേമിൽ കൃഷി, നഗര ഭവന മന്ത്രിയായിരുന്നു.