ന്യൂദല്‍ഹി- ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് പൂര്‍ണമായും നിര്‍ത്തണമെന്ന യുഎസിന്റെ അന്ത്യശാസനം ഇന്ത്യ അംഗീകരിക്കുന്നതായി സൂചന. നവംബര്‍ മുതല്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്കു നിര്‍ദേശം നല്കി. നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്നുമാണ് യുഎസ് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ലോകാര്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നവംബറിലാണ് ഇറാനു മേലുള്ള യുഎസ് എണ്ണ വ്യവസായത്തിന്റെ ഉപരോധം പ്രാബല്യത്തില്‍ വരുന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന യുഎസ് അന്ത്യശാസനത്തിന് ഇന്ത്യ മറുപടി പറഞ്ഞിട്ടില്ലെങ്കിലും ഒരു ഭാവിയില്‍ വരാനിരിക്കുന്ന എണ്ണക്കമ്മി നേരിടാന്‍ തയാറെടുക്കാന്‍ എണ്ണ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇറാനില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികളോട് സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
യുഎന്നിന്റെ ഉപരോധങ്ങളെ മാത്രമെ മാനിക്കൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനികള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയതോടെ ഇന്ത്യ യുഎസ്സിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ ഇന്ത്യയിലെത്തിയതും ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഹാലെ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ചര്‍ച്ച വിഷയം. ഇറാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ പുനരാലോചന നടത്തണമെന്നും ഹാലെ പിന്നീട് പറഞ്ഞു. മോഡിയുമായി നടത്തിയ ചര്‍ച്ചകള്‍ നിര്മ്മാണാത്മകമായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെങ്കിലും ഇതു പൂര്‍ണമായി നിര്‍ത്താന്‍ സാധ്യമല്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്. ഉപരോധ ആശങ്കകള്‍ക്കിടയിലും കഴിഞ്ഞ ഏതാനും മാസമായി ഇറക്കുമതി വര്‍ധിച്ചു വരികയാണ്.
യൂറോപ്യന്‍ പണമിടപാടു മാര്‍ഗങ്ങളെല്ലാം യുഎസ് തടയുന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയ്ക്കു പൂര്‍ണമായും രൂപയില്‍ വാങ്ങേണ്ടി വരും. മറ്റു പണമിടപാടു വഴികള്‍ ഇറാന് അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി. ഇതു സംബന്ധിച്ച് അനിശ്ചിതത്വമാണ് നിലവിലുള്ളതെന്നും ഭാവി എന്താകുമെന്ന് ഇന്ത്യയും യുഎസും, ഇന്ത്യയും ഇറാനും, ഇന്ത്യയും മറ്റു എണ്ണ രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
നേരത്തെ ഇറാനു മേല്‍ യുഎസ് ഉപരോധമുണ്ടായിട്ടും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നിരുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഷിപ്പിങ്, ഇന്‍ഷൂറന്‍സ്, ബാങ്കിങ് മേഖലകളില്‍ യുറോപ്യന്‍ രാജ്യങ്ങളും യുഎസും ഉപരോധക്കുരുക്ക് മുറുക്കിയതിനെ തുടര്‍ന്ന് ഇറക്കുമതി കുറക്കേണ്ടി വന്നിരുന്നെങ്കിലും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുകയായിരുന്നു.