ന്യൂദല്‍ഹി- കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരേയും വെറുതെ വിടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യക്കാരുടെ ഏറ്റവും പുതിയ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളുമായി സ്വിസ് നാഷണല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2017-ല്‍ മാത്രം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 50.2 ശതമാനം വര്‍ധന ഉണ്ടായെന്നും ഇന്ത്യക്കാരുടേത് മാത്രമായി 7,000 കോടിയോളം രൂപ (1.02 ശതകോടി സ്വിസ് ഫ്രാങ്ക്) വിവിധ സ്വിസ് ബാങ്കുകളിലുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഇടിവുണ്ടായതിനു ശേഷമാണ് ഈ വന്‍ വര്‍ധന. 2015-ല്‍ 45 ശതമാനം ഇടിഞ്ഞ് ഇത് 4,500 കോടി രൂപയിലെത്തിയിരന്നു. 2017-ല്‍ മാത്രം 3,200 കോടി രൂപയാണ് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളിലിട്ടത്. മറ്റു ബാങ്കുകള്‍ വഴി 1,050 കോടിയും കടപത്രം അടക്കമുള്ള മറ്റു വഴികളിലൂടെ 2,640 കോടി രൂപയും എത്തി.
2006-ല്‍ 44,500 കോടി രൂപയായിരുന്നു സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം. ഇപ്പോഴുള്ള 7,000 കോടി രൂപ ഇതിന്റെ ചെറിയൊരു അംശം മാത്രമെ ആകുന്നുള്ളൂ.
ഇന്ത്യയില്‍ നിന്നും സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് ഒഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുന്നതിന് പുതിയ വിവര കൈമാറ്റ സംവിധാനം ഏര്‍പ്പെടുത്തി മാസങ്ങള്‍ക്കകമാണ് പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് വിദേശ രാജ്യങ്ങള്‍ക്ക് വിവരം കൈമാറിത്തുടങ്ങിയ സ്വിറ്റ്സര്‍ലാന്‍ഡുമായി ഇന്ത്യ പുതിയ കരാറുണ്ടാക്കിയിട്ടുണ്ട്.