നിങ്ങളുടെ ഐഫോണും ഐപാഡും ഇനി നിങ്ങളുടെ സ്വന്തം ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങുമെന്ന് ആപ്പിളിന്റെ പുതിയ പ്രഖ്യാപനം. പുതിയ ആക്‌സസിബിലിറ്റി ഫീച്ചറുകള്‍ പുറത്തിരിക്കയാണ് കമ്പനി. നിര്‍മിത ബുദ്ധി വഴി നിങ്ങളുടെ ശബ്ദം അനുകരിക്കുന്ന പേഴ്‌സണല്‍ വോയസ് ഫീച്ചറും ഇതില്‍ ഉള്‍പ്പെടുന്നു.
വരാനിരിക്കുന്ന പേഴ്‌സണല്‍ വോയ്‌സ് ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ് വഴി 15 മിനിറ്റ് ഓഡിയോ സൃഷ്ടിക്കാന്‍ കഴിയും.
ലൈവ് സ്പീച്ച് എന്ന പേരില്‍ മറ്റൊരു ടൂള്‍ കൂടി കമ്പനി പുറത്തിറക്കുന്നുണ്ട്. ഫോണിലും ഫേസ്‌ടൈം കോളുകളിലും നിങ്ങള്‍ക്ക് പകരം ഐഫോണ്‍ സംസാരിക്കുന്നതിനായി പൊതുവായുള്ള ശൈലി ടൈപ്പ് ചെയ്ത് സൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
ഉപകരണത്തില്‍ തന്നെ ശബ്ദം സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധിയുടെ ഭാഗമായ മെഷീന്‍ ലേണിംഗാണ് ഉപയോഗിക്കുകയെന്ന് ആപ്പിള്‍ പറയുന്നു. ഡാറ്റ കൂടുതല്‍ സുരക്ഷിതവും സ്വകാര്യവുമാക്കാന്‍ ഇത് സഹായകമാകും.
ഇതിലെന്ത് കാര്യമെന്ന് തോന്നാമെങ്കിലും ആക്‌സസിബിലിറ്റി കൂട്ടാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമാണെന്നാണ് വിശദീകരണം. ആളുകള്‍ക്ക് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള എ.എല്‍.എസ് പോലുള്ള അവസ്ഥ ആപ്പിള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാവര്‍ക്കുമായുള്ള സാങ്കേതികവിദ്യയാണ് മികച്ച സാങ്കേതികവിദ്യയെന്നാണ് തങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.
കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുകയാണ് ഏറ്റവും പ്രധാനമെന്ന് എ.എല്‍.എസ് രോഗനിര്‍ണ്ണയത്തിന് ശബ്ദത്തില്‍ കാര്യമായ മാറ്റം വന്ന ടീം ഗ്ലീസണ്‍ നോണ്‍പ്രോഫിറ്റ് ബോര്‍ഡ് അംഗമായ ഫിലിപ്പ് ഗ്രീന്‍ പറഞ്ഞു.
അവരെ സ്‌നേഹിക്കുന്നുവെന്ന് നിങ്ങളുടേതു പോലെ തോന്നുന്ന ശബ്ദത്തില്‍ തന്നെ പറയാന്‍ കഴിയുമ്പോള്‍ അത് സവിശേഷം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോയിസ് രംഗത്ത് ആപ്പിള്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് ആദ്യമല്ല. ആളുകള്‍ പറയുന്നത് മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സുപരിചിതമായ സിരി മെഷീന്‍ ലേണിംഗാണ് ഉപയോഗിക്കുന്നത്.
പേഴ്‌സണല്‍ വോയിസ് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.