ന്യൂദല്‍ഹി- അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെക്യൂരിറ്റി എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) സുപ്രീംകോടതി മൂന്നു മാസത്തെ സമയം നീട്ടി നല്‍കി. ഓഗസ്റ്റ് 14നുള്ളില്‍ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് ശേഷം കൂടുതല്‍ സമയം അനുവദിക്കണോ എന്ന് കോടതി തീരുമാനിക്കും. അന്വേഷണത്തിനായി ആറുമാസം സമയം നീട്ടിനല്‍കണമെന്ന് സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുമാസത്തിലേറെ സമയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ് നരംസിഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈ പതിനൊന്നിന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വിരമിച്ച ജസ്റ്റീസ് എ.എ സാപ്രെ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കക്ഷികളും അവരുടെ അഭിഭാഷകരുമായി പങ്കിടണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയതെന്ന് സെബിയോട് ചോദിക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷ മേയ് 12ന് സുപ്രീംകോടതി നിരസിച്ചിരുന്നു. കേസ് ഡയറി പരിശോധിക്കാന്‍ ഇത് ക്രിമിനല്‍ കേസ് അല്ലെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം അന്തര്‍ദേശീയ, ആഭ്യന്തര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. പത്ത് വര്‍ഷത്തിലേറയായി നടത്തിയ ഇടപാടുകള്‍ ചിലപ്പോള്‍ പരിശോധിക്കേണ്ടിവരും. ഇതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി സമയം നീട്ടി ചോദിച്ചത്. മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് സെബി പ്രധാനമായും പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ളതാണ് ഈ മൂന്ന് സ്ഥാപനങ്ങളും.അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)