ജിദ്ദ- ജിദ്ദയില്‍ വെള്ളിയാഴ്ച നടക്കുന്ന 32-ാമത് അറബ് ഉച്ചകോടിയിലേക്ക് രാഷ്ട്ര നേതാക്കളെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മന്ത്രിസഭാ യോഗം വിശകലനം ചെയ്തു. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി സുഡാന്‍ സൈനിക പ്രതിനിധികളും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് പ്രതിനിധികളും ജിദ്ദയില്‍ ഒപ്പുവെച്ച കരാറിന്റെ പശ്ചാത്തലത്തില്‍ സുഡാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടു വെച്ച പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതിയും മന്ത്രിസഭ വിലയിരുത്തി. സുഡാനില്‍ സുരക്ഷയും സ്ഥിരതയും തിരികെയെത്തുന്നതു വരെ സൗദി അറേബ്യ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു.
ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പരസ്പര സന്ദര്‍ശനങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഉഭയകക്ഷി ബന്ധങ്ങള്‍ പുതിയ വിഹായസ്സുകളിലെത്തിക്കാനും, കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും, പൊതുവായ ആശങ്കയുള്ള പ്രശ്‌നങ്ങളിലുള്ള ഏകോപനവും വര്‍ധിപ്പിക്കുന്ന നിലക്ക് ബഹുരാഷ്ട്ര സംഘടനകളുമായി സഹകരണം ശക്തമാക്കാനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ സുരക്ഷാ വകുപ്പുകള്‍ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭാ യോഗം ശ്ലാഘിച്ചു.
സാംസ്‌കാരിക മേഖലാ സഹകരണത്തിന് മൊറോക്കൊയുമായി ഒപ്പുവെച്ച ധാരണാപത്രവും പാര്‍പ്പിട മേഖലാ സഹകരണത്തിന് ജപ്പാനുമായി ഒപ്പുവെച്ച ധാരണാപത്രവും ടൂറിസം മേഖലാ സഹകരണത്തിന് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസുമായി ഒപ്പുവെച്ച ധാരണാപത്രവും വിനോദ സഞ്ചാര മേഖലാ സഹകരണത്തിന് ബഹാമാസുമായി ഒപ്പുവെച്ച ധാരണാപത്രവും നിക്ഷേപ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും താജിക്കിസ്ഥാനുമായി ഒപ്പുവെച്ച കരാറും ഭീകര വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിന് മൊറോക്കൊയുമായി ഒപ്പുവെച്ച കരാറും മന്തിസഭാ യോഗം അംഗീകരിച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി അറിയിച്ചു.