തൃശൂര്‍- കെ എസ് ആര്‍ ടി സി ബസില്‍ യുവനടിയും മോഡലുമായ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. ഇന്നലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റായിരുന്നു. പരാതിക്കാരിക്കും മറ്റൊരു യുവതിക്കുമിടയിലാണ് യുവാവ് ഇരുന്നത്.
ബസെടുത്തതോടെ യുവാവ് തന്റെ ശരീരത്തില്‍ ഉരസുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 'ഞാന്‍ ജനലിനടുത്താണ് ഇരുന്നത്. അയാള്‍ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍ ഉരസുന്നതായി തോന്നി. നോക്കിയപ്പോള്‍ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. തുടര്‍ന്ന് ബസിന്റെ വിന്‍ഡോ ഉയര്‍ത്തി, അയാളില്‍ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ സ്വിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാന്‍ ഫോണില്‍ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് അയാളോട് ചോദിച്ചു.
ഒന്നുമറിയാത്ത ഭാവത്തില്‍ അയാള്‍ സ്വിപ്പ് വലിച്ചിട്ട് എഴുന്നേറ്റുപോയി. ഞാന്‍ ഒച്ചയുണ്ടാക്കി, നടന്ന സംഭവം പറഞ്ഞപ്പോള്‍ പരാതിയുണ്ടോയെന്ന് കണ്ടക്ടര്‍ ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. സ്വിപ്പ് അഴിച്ചിട്ടില്ലെന്നും വെറുതെയിരിക്കുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. ബസ് വിമാനത്താവളത്തിന്റെ അടുത്തായി നിര്‍ത്തി. ഡോര്‍ തുറന്നതും അയാള്‍ പുറത്തേക്ക് ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു.ഡ്രൈവറും ബസിലുണ്ടായിരുന്നവരും പോലീസ് സ്റ്റേഷനിലുള്ളവരും സഹായിച്ചു. പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി അവന്‍ സ്വിപ്പ് തുറക്കാന്‍ പേടിക്കണം.- യുവതി പറഞ്ഞു.