സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ടു വന്ന് ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും പതിനഞ്ച് ലക്ഷം രൂപ വരുമെന്ന് സ്വപ്നം കണ്ട് കഴിയുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്ത. 2017ല്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യം 50% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉടനടി കൈമാറുന്നതിന് സ്വിസ് സര്‍ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്‍ദ്ധിച്ച റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
മൂന്ന് വര്‍ഷത്തെ താഴ്ചക്ക് ശേഷമാണ് ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം 1.01 ബില്യന്‍ സ്വിസ് ഫ്രാങ്കിലെത്തിയത് (ഏകദേശം 7000 കോടി). 2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3% വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു. 2015 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 8392 കോടി രൂപ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളിലുണ്ടായിരുന്നത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. 1987ല്‍ ഇടപാട് വിവരങ്ങള്‍ സ്വിസ് ബാങ്കുകള്‍ പരസ്യമാക്കിയതിന് ശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപമായിരുന്നു ഇത്. 2017ലെത്തിയപ്പോള്‍ ഇത് 7000 കോടിയായി വര്‍ദ്ധിക്കുകയായിരുന്നു.