ബെംഗളൂരു - കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഡൽഹി ചർച്ചകൾ പുരോഗമിക്കവേ, പാർട്ടി തനിക്ക് അമ്മയെ പോലെയാണെന്നും മകന് ആവശ്യമായത് കിട്ടുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുയർന്ന കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ.
ജനങ്ങളർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പാർട്ടിയെ പിന്നിൽ നിന്ന് കുത്താനില്ലെന്നും ബി.പി ഇപ്പോൾ നോർമലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് വിമാനം കയറുന്നതിന്റെ തൊട്ടു മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടി ഏൽപ്പിച്ച ജോലിയെല്ലാം കൃത്യമായി ചെയ്തു. പാർട്ടി അമ്മയെപോലെയാണ്. മകന് അവശ്യമായത് ലഭിക്കും. അണികൾ ഉണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവർത്തകർ കൂടെയുണ്ട്. തന്നെ അനുകൂലിക്കുന്നവരെന്നും അല്ലാത്തവരെന്നും എം.എൽ.എമാരെ രണ്ടായി തരം തിരിക്കാനോ ഭിന്നിപ്പിക്കാനോ ഇല്ല. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ എം.എൽ.എമാർ എല്ലാവരും പാർട്ടിയുടെ നിർദേശം പാലിക്കും. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണും. തന്നോട് ഒറ്റയ്ക്ക് ഡൽഹിക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്നും ഡി.കെ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യഘട്ടത്തിൽ പരിഗണനയിലുള്ള മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇന്നലെ തന്നെ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവകുമാർ പോയിരുന്നില്ല. ശിവകുമാർ കൂടി ഡൽഹിയിലെത്തുന്നതോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായമുണ്ടാക്കി തുടർ നടപടികളിലേക്ക് നീങ്ങാമെന്ന പ്രതീക്ഷയിലാണ് എ.ഐ.സി.സി നേതൃത്വം. നേതൃത്വവുമായുണ്ടാക്കുന്ന തീരുമാനങ്ങൾ കൃത്യമായും പാലിക്കപ്പെടുമെന്ന ഒരു ഉറപ്പാണ് ശിവകുമാർ ആഗ്രഹിക്കുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ അടക്കം മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. സോണിയാ ഗാന്ധിയുമായി സംസാരിച്ച് ഡി.കെയെ പൂർണമായും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡിന്റെയും താൽപര്യമെന്നാണ് വിവരം.