Sorry, you need to enable JavaScript to visit this website.

വസുന്ധര രാജെയുമായി ഒരു ബന്ധവുമില്ലെന്ന് അശോക് ഗെഹ്ലോട്ട്, 15 വര്‍ഷത്തിനിടെ സംസാരിച്ചത് 15 തവണ

ജയ്പൂര്‍- മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി ഒത്തുകളിച്ചെന്ന ആരോപണം തളളി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വസുന്ധര രാജെയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരം അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നവര്‍ അപകടകാരികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വസുന്ധര രാജെയുമായി ഒരു തരത്തിലും ഐക്യപ്പെടാനാവില്ലെന്നും തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. 15 വര്‍ഷത്തില്‍ വെറും പതിനഞ്ചുതവണ മാത്രമാണ് ഞാന്‍ വസുന്ധരയുമായി സംസാരിച്ചത്. എന്നില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് അവരുടേത്. ഒരു തരത്തിലും ഐക്യപ്പെടാനാവില്ല. എന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു-ഗെഹ്ലോട്ട് പറഞ്ഞു.

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിച്ചപ്പോള്‍ ആ നീക്കം തടഞ്ഞത് വസുന്ധര രാജെയും കൈലാഷ് മെഹ്വാളുമാണെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. തുടര്‍ന്ന് ഗെഹ്ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റും രംഗത്തെത്തി. സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നുമാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്. ബിജെപി ഭരണകാലത്ത് സംസ്ഥാനത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നെന്നും അത് അന്വേഷിക്കാന്‍ ഗെഹ്ലോട്ട് തയാറാവുന്നില്ലെന്നും സച്ചിന്‍ ആരോപിച്ചു.

2010ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ കലാപനീക്കത്തെ താന്‍ അതിജീവിച്ചെന്നും വസുന്ധര രാജെയും മറ്റ് രണ്ട് ബിജെപി നേതാക്കളും വിമത എംഎല്‍എമാരുടെ നീക്കത്തെ പിന്തുണക്കാന്‍ വിസമ്മതിച്ചെന്നുമാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. പണത്തിന്റെ ശക്തിയിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെ വിസമ്മതിച്ചുവെന്നും തന്നെ താഴെയിറക്കാന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News