Sorry, you need to enable JavaScript to visit this website.

ഫര്‍ഹാന മതത്തിനെതിരല്ല; അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ 

ചെന്നൈ- റിലീസിന് മുമ്പേ തന്നെ വിവദത്തിലകപ്പെട്ട തമിഴ് സിനിമയാണ് ഫര്‍ഹാന. ഐശ്വര്യാ രാജേഷ്, അനുമോള്‍, ഐശ്വര്യാ ദത്ത, സെല്‍വ രാഘവന്‍, ജിത്തന്‍ രമേഷ്, കിറ്റി എന്നിവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നെല്‍സണ്‍ വെങ്കടേശനാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സ് നിര്‍മ്മിച്ച ഈ സിനിമ നിരോധിക്കണമെന്നും നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നും ഉള്ള മുറവിളികളും ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ തുടങ്ങി റീലീസ് കഴിഞ്ഞും തുടരുന്നു. സിനിമ കോടതി കയറുകയും ഉണ്ടായി. 

സിനിമ റിലീസായതോടെ തമിഴ് നാട്ടില്‍ ഫര്‍ഹാനയ്ക്ക് എതിരെയുള്ള മുറവിളികള്‍ക്ക് ആക്കം കൂടി. മുസ്‌ലിം സമുദായത്തിന് എതിരായ സന്ദേശമാണ് സിനിമ നല്‍കുന്നത് എന്നതാണ് എതിരായി പറയുന്നവരുടെ വാദം. തമിഴ്‌നാട്ടിലെ ചില റിലീസ് കേന്ദ്രങ്ങളില്‍ ഷോ റദ്ദാക്കി എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സന്ദര്‍ഭത്തില്‍ ചെന്നൈയില്‍ നിര്‍മ്മാതാവ് എസ്. ആര്‍. പ്രഭുവിന്റെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ വിശദീകരണം നല്‍കിയിരിക്കയാണ് അണിയറക്കാര്‍. 

ഫര്‍ഹാനയുടെ സംഭാഷണ രചയിതാവ് പ്രശസ്ത കവി മനുഷ്യപുത്രന്‍ മുസ്#ലിമാണെന്ന് സംവിധായകന്‍ നെല്‍സണ്‍ വെങ്കിടേശന്‍ പറഞ്ഞു. താന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് ഹിന്ദുവുമാണ്. തങ്ങള്‍ മൂവരുടെയും സൃഷ്ടിയാണ് ഫര്‍ഹാനയെന്നും സംവിധായകന്‍ പറഞ്ഞു. 

നല്ല അനുഭവമാണ് ഫര്‍ഹാനയില്‍ ലഭ്യമായതെന്നും മുസ്‌ലിം കുടുംബത്തിന്റെ നിത്യ ജീവിതത്തെയും അവരുടെ വിഷമങ്ങളെയും പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും സിനിമ കണ്ടവര്‍ പറയുന്നു. ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ താന്‍ തെല്ലും  ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫര്‍ഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമന്റുകള്‍ തന്റെ സിനിമയേയും ബാധിച്ചുവെന്നും സംവിധായകന്‍ വിശദമാക്കുന്നു. 

തന്റെ മു്‌സ്‌ലിം സുഹൃത്തുക്കള്‍ സിനിമ കാണണമെന്നും എന്നിട്ട് തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്നും സംവിധായകന്‍ വിശദമാക്കി.  

ഭൂരിഭാഗം റിവ്യൂകളും ഫര്‍ഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോള്‍ സിനിമ കാണാത്ത ഒരു വിഭാഗം ഇത് മുസ്‌ലിം വിരുദ്ധ സിനിമയാണെന്ന് കുപ്രചരണം നടത്തുകയും അതിനെ മറപിടിച്ച് വിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണെന്നും അത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ ചില കാരണങ്ങള്‍ കൊണ്ട് തമിഴ്‌നാട്ടില്‍ ഒരു തിയേറ്ററില്‍ മാത്രം ഒരു ഷോ നടന്നില്ല. എന്നാല്‍ ചില മാധ്യമങ്ങള്‍ തമിഴ്‌നാട്ടില്‍ ഒന്നടങ്കം ഷോകള്‍ റദ്ദു ചെയ്തതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വളരെ ഖേദകരമാണ്. 

നേരത്തെ ഒരു മുതിര്‍ന്ന സംവിധായകനോട് ഈ കഥ പറഞ്ഞപ്പോള്‍ 'എന്തു കൊണ്ട് ഒരു മുസ്‌ലിം സമുദായത്തിലെ സ്ത്രീയെ കഥാപാത്രമാക്കി?' എന്നാണ് ചോദിച്ചത്. എന്തുകൊണ്ട് പാടില്ലെന്ന മറു ചോദ്യവും തന്റെ സഹോദരന്മാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും തനിക്ക് പകരം മറ്റാരാണ് ഉള്ളത് എന്ന മറുപടിയുമാണ് താന്‍ നല്‍കിയതെന്നും സംവിധായകന്‍ വിശദമാക്കി.

Latest News