ഖുന്ദി- ജാര്‍ഖണ്ഡില്‍ കഴിഞ്ഞയാഴ്ച സന്നദ്ധപ്രവര്‍ത്തകരായ അഞ്ചു യുവതികളെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആദിവാസികള്‍ക്കു വേണ്ടി തിരച്ചറിലിനിറങ്ങിയെ പോലീസിനു നേര്‍ക്ക് 'പഥല്‍ഗഡി' അനുകൂലികളായ ആദിവാസികളുടെ ആക്രമണം. പോലീസുമായി ഏറ്റുമുട്ടിയ പഥല്‍ഗഡി വിഭാഗക്കാര്‍ ബിജെപി എംപി കരിയ മുണ്ഡയുടെ വീട് ആക്രമിച്ച് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടു പോയി. ഇവരെ മോചിപ്പിക്കാന്‍ പോലീസ് നടത്തിയ നീക്കം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ആദിവാസി കൊല്ലപ്പെട്ടു.
ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളിലെ സര്‍ക്കാര്‍ വിരുദ്ധ സ്വയം പ്രഖ്യാപിത പരമാധികാര മേഖലയാണ് പഥല്‍ഗഡി എന്നറിയപ്പെടുന്നത്. പോലീസും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പുറത്തു നിന്ന് ആരേയും തങ്ങളുടെ ഗ്രാമസഭയുടെ അനുമതിയില്ലാതെ പഥല്‍ഗഡി മേഖലകളിലേക്ക് പ്രവേശിപ്പിക്കില്ല.
ബലാല്‍സംഗ കേസ് പ്രതികള്‍ പഥല്‍ഗഡി വിഭാഗക്കാരാണെന്ന വ്യക്തമായതോടെയാണ് പോലീസ് മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. പഥല്‍ഗഡി നേതാക്കളുടെ ഗൂഢാലോചനയെ തുടര്‍ന്നാണ് പുറത്തു നിന്നെത്തുന്നവര്‍ക്ക് മുന്നറിയിപ്പായി അഞ്ചു യുവതികളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഖുന്ദിയിലെ വിവിധ ഗ്രാമങ്ങളില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചതോടെയാണ് പഥല്‍ഗഡി വിഭാഗക്കാര്‍ ഗാഗ്ര ഗ്രാമത്തില്‍ പോലീസുമായി ഏറ്റുമുട്ടിയത്.
തട്ടിക്കൊണ്ടു പോയ പോലീസുകാരെ കണ്ടെത്തുന്നതിന് ഗ്രാമത്തില്‍ തിരച്ചിലിനെത്തിയ സായുധരായ 500ഓളം പോലീസുകാരെ പഥല്‍ഗഡി വിഭാഗക്കാര്‍ അമ്പെയ്ത് ആക്രമിച്ച് പ്രതിരോധിച്ചു. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘത്തിനു നേല്‍ക്ക് മരങ്ങളിലും മറ്റു ഉയര്‍ന്ന സ്ഥലങ്ങളിലും ഒളിഞ്ഞിരുന്ന് ആദിവാസികള്‍ അമ്പെയ്തത്. ഇവരെ തുരത്താന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുയും ലാത്തി വീശുകയും റബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തതോടെ ഏറ്റുമൂട്ടല്‍ രൂക്ഷമാകുകയായിരുന്നു.
രണ്ടു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഗ്രാമം പോലീസ് നിയന്ത്രണത്തിലാക്കി. തട്ടിക്കൊണ്ടു പോയ പോലീസുകാരെ ഈ ഗ്രാമത്തിലാണ് ഒളിപ്പിച്ചതെന്ന സംശയിക്കപ്പെടുന്നു. അയ്യാരത്തോളം ഗ്രാമവാസികളാണ് ഇവിടെ ഉള്ളത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അമ്പുകളുടേയും വില്ലുകളുടേയും ശഖരവും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റമുട്ടലിനെ തുടര്‍ന്ന് ഗ്രാമീണരില്‍ വലിയൊരു ഭാഗവും തൊട്ടടുത്ത വനത്തിലേക്ക് മുങ്ങിയിരിക്കുകയാണ്. ഇവരില്‍ ചിലരെ പിടികൂടി. കാണാതായ പോലീസുകാര്‍ക്കു വേണ്ടി ഇവിടെ തിരച്ചില്‍ നടന്നു വരികയാണ്.
നേരത്തെ തട്ടിക്കൊണ്ടു പോയ പേലീസുകാരെ മോചിപ്പിക്കുമെന്ന് പഥല്‍ഗഡി നേതാക്കള്‍ സൂചന നല്‍കിയതിനെ തുടര്‍ന്ന് ഗ്രാമത്തിനു പുറത്ത് സര്‍വ സന്നാഹങ്ങളോടും കൂടി പോലീസ് ഏറെ നേരം കാത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴവന്‍ നീണ്ട ഗ്രാമസഭ യോഗം ബുധനാഴ്ച രാവിലെ അവസാനിച്ചതിനു തൊട്ടുപിറകെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസുകാരെ മോചിപ്പിക്കാമെന്നും ചര്‍ച്ചയാകാമെന്നും സൂചന നല്‍കിയ പഥല്‍ഗഡി നേതാക്കള്‍ ഈ പോലീസുകാരുമായി അവിടെ നിന്നും മറ്റൊരു ഒളി സങ്കേതത്തിലേക്ക് മുങ്ങിയെന്നറിഞ്ഞതോടെയാണ് പോലീസ് ഏറ്റുമുട്ടലിനൊരുങ്ങിയത്. പഥല്‍ഗഡി നേതാവ് യുസുഫ് പുര്‍ത്തിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും കൂട്ടബലാല്‍സംഗ്ത്തിനു പിന്നിലെ ഗുഢാലോചകന്‍ ഇദ്ദേഹമാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ജാര്‍ഖണ്ഡിലെ നിബിഢവന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന നൂറോളം ഗ്രാമങ്ങള്‍ പഥല്‍ഗഡി അനുകൂലികളുടെ നിയന്ത്രണത്തിലാണ്. സര്‍ക്കാരിന്റേയും പോലീസിന്റേയും അധികാരങ്ങളെ അംഗീകരിക്കാതെ സമാന്തര ഭരണം നടത്തുന്ന ഇവര്‍ പുറത്തു നിന്ന് ആരേയും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. വിമത സംഘടനയായ പീപ്പ്ള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ മേഖല.
പഥല്‍ഗഡി സര്‍ക്കാര്‍ മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഗ്രാമസഭയുടെ കസ്റ്റഡിയിലുണ്ടെന്നും പഥല്‍ഗഡി നേതാവ് യുസുഫ് പുര്‍ത്തി ഗ്രാമസഭ യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഗവര്‍ണര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ആരെങ്കിലും നേരിട്ടെത്തി ആദിവാസി ഗ്രാമസഭയുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ വ്യക്തമാക്കിയാല്‍ ഇവരെ മോചിപ്പിക്കാമെന്നും പുര്‍ത്തി പറഞ്ഞതായി പോലീസ് പിടിയിലുള്ള പഥല്‍ഗഡി ഗ്രാമീണന്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഗ്രാമസഭാ യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതാക്കളുടെ അന്ത്യശാസനം ഉണ്ടായിരുന്നെന്നും പങ്കെടുത്തില്ലെങ്കില്‍ 500 രൂപ പിഴയിട്ടിരുന്നെന്നും പോലീസ് കസ്റ്റഡിയിലെടുത്ത പഥല്‍ഗഡി ഗ്രമാവാസിയായ നാഗേന്ദ്ര മുണ്ഡ പറയുന്നു.
മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം സംഘടിപ്പിക്കാനെത്തിയ അഞ്ചു സന്നദ്ധപ്രവര്‍ത്തകരായ യുവതികളെ ബലാല്‍സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികളും പഥല്‍ഗഡി ഗ്രാമസഭാ യോഗത്തില്‍ പങ്കെടുത്തതായി ഖുന്ദി പോലീസ് മേധാവി അശ്വിനി കുമാര്‍ സിന്‍ഹ പറഞ്ഞു. രണ്ടു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.