കൊച്ചി-സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ചു കാലത്തേക്ക് വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് മലയാളികളുടെ പ്രിയ താരം നസ്രിയ ഫഹദ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുമെന്നാണ് താരം അറിയിച്ചത്.'എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും'. താരം തന്റെ സജീവമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരവധി ഫോളോവേഴ്സാണുള്ളത്. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറുള്ള നസ്രിയയുടെ സിനിമയിലെയും സ്വകാര്യ ജീവിതത്തിലേയുമായുള്ള നിമിഷങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത സജീവമായിരുന്നു. ആവേശം എന്ന് പേരിട്ടിരിക്കുന്ന ഹാസ്യത്തിന് പ്രധാന്യം നല്കുന്ന ചിത്രത്തില്‍ നായകനായ ഫഹദ് ഫാസിലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രം നസ്രിയ കൈകാര്യം ചെയ്യുമെന്നായിരുന്നു പലരും പങ്കുവെച്ച വിവരം.
ബാംഗ്ളൂര്‍ ഡെയ്സ് എന്ന അഞ്ജലി മേനോന് ചിത്രത്തിന് ശേഷം പരസ്യ ചിത്രങ്ങളില്‍ മാത്രമായിരുന്നു ഫഹദും നസ്രിയയും ഒരുമിച്ച് അഭിനിച്ചിട്ടുണ്ടായിരുന്നത്. അന്യഭാഷ ചിത്രങ്ങളിലടക്കം അതിന് ശേഷം നസ്രിയ നായികയായി അഭിനയിച്ചെങ്കിലും ഇരുവരും മലയാളികളെയാകെ ചിരിപ്പിച്ച സംവിധായകനുമായി വീണ്ടും സ്ക്രീനില്‍ ഒന്നിക്കുമോ എന്ന കാത്തിരിപ്പിലാണ് സിനിമാ ലോകം.