Sorry, you need to enable JavaScript to visit this website.

മുസ്ലിം സ്ത്രീകളെ മര്‍ദിച്ച എസ്.ഐയെ പിന്തുണച്ച് വി.എച്ച്.പി, ശനിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു

ഹൈദരാബാദ്- തെലങ്കാനയില്‍ ആര്‍ടിസി ബസില്‍ മുസ്ലിം പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ സസ്‌പെന്‍ഷനിലായ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്‌റംഗ്ദളും ശനിയാഴ്ച ജഗ്തിയാലില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സിദ്ദിപേട്ടില്‍നിന്ന് ജഗ്തിയാലിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
ശൈഖ ഫര്‍ഹ എന്ന വിദ്യാര്‍ത്ഥിനിയേയും മാതാവ് റസിയയേയുമാണ് എസ്.ഐയുടെ  നേതൃത്വത്തില്‍ ആക്രമിച്ചത്. ബസില്‍ കയറിയ ജഗ്തിയാല്‍ റൂറല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ ഭാര്യക്ക് സീറ്റ് കൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരാണമായത്.  മാതാവും മകളും തന്നെ അപമാനിച്ചെന്ന് അവര്‍  ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
ബസ് ജഗ്തിയാലിലെത്തിയപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള  പോലീസുകാര്‍ ബസില്‍ കയറി മകളെയും മാതാവിനേയും ചോദ്യം ചെയ്തു. പോലീസ് നടപടി പെണ്‍കുട്ടി ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഫര്‍ഹ പരാതി നല്‍കിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍, ഭാര്യ, കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇതിനു പിന്നാലെയാണ്  സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
എഐഎംഐഎം എംഎല്‍എ ജാഫര്‍ ഹുസൈന്‍ മെരാജ് ജഗ്തിയാലിലെത്തി പെണ്‍കുട്ടിയേയും മാതാവിനേയും കണ്ട്.  ജഗ്തിയാലിലെ എസ്പിയുമായും അദ്ദേഹം സംസാരിച്ചു.
സബ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നുംകൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തണമെന്നും എം.ബി.ടി പാര്‍ട്ടി വക്താവ് അംജദുല്ല ഖാന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച ജഗ്തിയാലില്‍ ബന്ദിന് ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ സംഘടനകള്‍ ബന്ദ് വിജയിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News