ബംഗളുരു-കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയത് ഇപ്പോള്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന് വാര്‍ത്തകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയും ഏറെ ചര്‍ച്ചയായിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കണ്ടതുപോലെ കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന ആക്ഷേപവും ശക്തമാണ്. സിംഗപ്പൂരില്‍ വച്ച് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഡീലുകള്‍ ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നതെന്നുമാണ് കര്‍ണാടകയിലെ ചില കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപം. എന്നാല്‍ ഏത് മുന്നണിയ്ക്കൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞതാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സിംഗപ്പൂരില്‍ അദ്ദേഹം ചികിത്സയ്ക്ക് വേണ്ടി മാത്രം പോയതാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.