ന്യൂഡൽഹി - ഗുസ്തി താരങ്ങളുടെ ലൈംഗിംകാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തതായി പോലീസ്. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പോലീസ് ആവശ്യപ്പെട്ടു. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പോലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും ഡൽഹി പോലീസ് അറിയിച്ചു.
താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളിയതായാണ് വിവരം. പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരത്തിന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ജന്തർ മന്ദറിൽ സമരം 20-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗുസ്തിതാരങ്ങളുടെ ആവശ്യത്തിന് കൂടുതൽ ബഹുജന പിന്തുണ ലഭിച്ചുവരികയാണ്. ലൈംഗികത പീഡകനായ എം.പിയെ 21-നകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി സ്തംഭിപ്പിക്കുന്നത് അടക്കമുള്ള സമര പരമ്പരകളിലേക്ക് നീങ്ങുമെന്ന് ഗുസ്തി താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.